മഴക്കെടുതി: 35 മരണം; ശ്രീലങ്കയില്‍ 200ലധികം കുടുംബങ്ങളെ കാണാതായി

കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 200ലധികം കുടുംബങ്ങളെ കാണാതായി. ഇവര്‍ മണ്ണിനടിയില്‍പെട്ടിരിക്കാമെന്ന് ആശങ്കയുണ്ടെന്ന് റെഡ്‌ക്രോസ് അറിയിച്ചു.
മഴക്കെടുതികളില്‍ കൊല്ലപ്പെട്ട 23 പേരുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തി. സബരഗമുവ പ്രവിശ്യയിലെ കെഗല്ലയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജയന്ത് ജയവീര അറിയിച്ചു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്ത് മഴക്കെടുതികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 300ഓളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. സബരഗമുവയിലെ ആരണ്യകെയില്‍ മണ്ണിനടിയില്‍പ്പെട്ട 180 പേരെ സൈന്യം രക്ഷപ്പെടുത്തിയതായും ജയവീര അറിയിച്ചു. നേരത്തേ 13 മൃതദേഹങ്ങള്‍ ആരണ്യകെയില്‍ നിന്നു കണ്ടെത്തിയിരുന്നു.
150ലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതായി റെഡ്‌ക്രോസ് അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രാജ്യത്ത് ഒന്നരലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 114 വീടുകള്‍ മഴക്കെടുതികളില്‍ പൂര്‍ണമായി തകര്‍ന്നതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
Next Story

RELATED STORIES

Share it