kannur local

മഴക്കെടുതി: പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യണം

കണ്ണൂര്‍: മഴക്കെടുതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായ തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തര പ്രാധാന്യമുള്ളവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വാര്‍ഷിക പദ്ധതികള്‍ ഭേദഗതി ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്‍കി. റോഡുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന കേസുകളില്‍ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കേണ്ടവ ഉള്‍പ്പെടുത്തിയാണ് പദ്ധതി ഭേദഗതി ചെയ്യേണ്ടത്.
പഞ്ചായത്തുകള്‍ക്ക് സ്വന്തമായി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളാണെങ്കില്‍ അവ സംയുക്ത പദ്ധതിയാക്കി മാറ്റുന്നതിനുള്ള സംവിധാനമുണ്ടാക്കണം. അത്തരം കേസുകളില്‍ പഞ്ചായത്തുകള്‍ നിശ്ചിത വിഹിതം വകയിരുത്തുന്നതോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണം തേടണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.
സപ്തംബര്‍ 15നു മുമ്പ് പദ്ധതി ഭേദഗതികള്‍ സമര്‍പ്പിക്കണം. പൂര്‍ണമായും തകര്‍ന്ന റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് ആവശ്യത്തിന് ഫണ്ടില്ലെങ്കില്‍ പ്രത്യേക സാഹചര്യത്തില്‍ മെയിന്റനന്‍സ് ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കണം. വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടി വന്നവര്‍ക്കുള്ള 10,000 രൂപ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, കൃഷി, മൃഗങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ യോഗം വിലയിരുത്തി. മഴക്കെടുതി മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ തദ്ദേശസ്ഥാപനങ്ങളുടെ പ്രത്യേക യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എഡിഎം ഇ മുഹമ്മദ് യൂസുഫ്, ആസൂത്രണ സമിതി അംഗങ്ങളായ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, എം സുകുമാരന്‍, പി ജാനകി, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍, കെ വി ഗോവിന്ദന്‍, ഡിപിഒ കെ പ്രകാശന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
പുനര്‍നിര്‍മാണം: യോഗം 3ന്
കണ്ണൂര്‍: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതു സംബന്ധിച്ച് എല്ലാ ജില്ലാ ഓഫിസര്‍മാരുടെയും അടിയന്തര യോഗം മൂന്നിന് വൈകീട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.

Next Story

RELATED STORIES

Share it