thiruvananthapuram local

മഴക്കെടുതി നേരിടാനൊരുങ്ങി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: മഴക്കെടുതി ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അതത് വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ വാ ര്‍ഡുതല ശുചിത്വ സമിതികള്‍ ചേര്‍ന്ന് ഓടകളും തോടുകളും ശുചീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മഴക്കെടുതികള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുമായി കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് സെക്രട്ടറിമാര്‍ 31 നകം വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുതല ശുചിത്വ സമിതികള്‍ വിളിച്ചുകൂട്ടി ശുചീകരണപ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു നല്‍കണം. പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ കാരണമായ മാലിന്യങ്ങളും വെള്ളക്കെട്ടും മറ്റു സാഹചര്യങ്ങളും കണ്ടുപിടിച്ച് നശിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.
തീരപ്രദേശങ്ങളായ കരിങ്കുളം, അടിമലത്തുറ, കൊച്ചുതുറ ഭാഗങ്ങളില്‍ വെള്ളക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം. പൊതുമരാമത്ത് വകുപ്പ്, തീരദേശ സംരക്ഷണ കോര്‍പ്പറേഷന്‍ എന്നിവയുടെ അധീനതയിലുള്ള റോഡുകള്‍ മുറിച്ച് കലുങ്ക് നിര്‍മിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും അതത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
സ്വകാര്യ വ്യക്തികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ശിഖരങ്ങള്‍ മുറിച്ച് അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യാന്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
ഓടകളും തോടുകളും ശുചീകരിക്കുന്നതിനും മഴക്കെടുതികള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും എല്ലാ വകുപ്പുകളുടെയും സഹകരണം കലക്ടര്‍ അഭ്യര്‍ഥിച്ചു.
കോവളം എംഎല്‍എ എം വിന്‍സന്റ്, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി ആര്‍ കൃഷ്ണകുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it