മഴക്കെടുതി: ദുരിതാശ്വാസത്തിന് 113 കോടി

തിരുവനന്തപുരം/കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ടു സംഘത്തെ കൂടി കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചവര്‍ക്ക് നല്‍കുന്ന ധനസഹായം നാലു ലക്ഷം രൂപയാക്കി. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പ്രമാണത്തിലുള്ള തുക (പരമാവധി ആറ് ലക്ഷം രൂപ) അനുവദിക്കും. വീട് തകര്‍ന്ന സ്ഥലത്ത് പുനര്‍നിര്‍മിക്കാന്‍ തദ്ദേശസ്ഥാപനം ഒരു ദിവസത്തിനുള്ളില്‍ അനുമതി നല്‍കാനും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ഒറ്റത്തവണയായി നല്‍കും. ജൂലൈ 17ന് വൈകീട്ട് ആറുവരെ ക്യാംപില്‍ ഉണ്ടായിരുന്നവര്‍ക്കും ക്യാംപിലെത്തി തിരികെപ്പോയവര്‍ക്കും ഈ സഹായധനം ലഭിക്കും. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ജൂലൈ 19 മുതല്‍ 22 വരെ ശക്തമായയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി അഭ്യര്‍ഥിച്ചു.
അതേസമയം, മഴക്കെടുതിയില്‍ ഇന്നലെ സംസ്ഥാനത്ത് ഒമ്പതു പേര്‍ കൂടി മരിച്ചു. കനത്ത മഴ തുടരുന്ന കോട്ടയം ജില്ലയിലാണ് രണ്ടുപേര്‍ മരിച്ചത്. വെള്ളക്കെട്ടില്‍ കാല്‍ വഴുതിവീണ് കുമാരനല്ലൂര്‍ കൊച്ചാലുംമൂട് കരിയാമ്പാടം മറ്റത്തില്‍ രാജേന്ദ്രന്‍ നായര്‍ (രാജു-55), വീടിനു മുകളിലേക്ക് തെങ്ങും ആഞ്ഞിലിയും മറിഞ്ഞുവീണ് വൈക്കം ചെമ്മനത്തുകര പുത്തന്‍തറയില്‍ ഷിബു (45) എന്നിവരാണ് മരിച്ചത്. ഇതോടെ മഴക്കെടുതിയില്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
മൂവാറ്റുപുഴയില്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. വാളകം കുന്നയ്ക്കല്‍ ആട്ടാമോളേല്‍ കുഞ്ചു(60)വിനെയാണ് ഇന്നലെ രാവിലെ പത്തോടെ വാളകം ആവുണ്ട പാടശേഖരത്തില്‍ കണ്ടെത്തിയത്.
കൊല്ലത്ത് ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചു. വടക്കന്‍ മൈനാഗപ്പള്ളി ഈഴത്തയ്യത് സലീനയുടെ പിതാവ് വടക്കുംതല സ്വദേശി ജമാലുദ്ദീന്‍ (65), കോവൂര്‍ കിഴക്ക് നെടുംതറയില്‍ കെ ഭാസ്‌കരന്റെ ഭാര്യ നളിനി (73) എന്നിവരാണ് മരിച്ചത്. ജമാലുദ്ദീന്‍ വെള്ളക്കെട്ടില്‍ വീണും നളിനി വീടിന് സമീപത്തെ കിണറ്റില്‍ വീണുമാണ് മരിച്ചത്.
അതേസമയം, ശബരിമല പമ്പ സ്‌നാനഘട്ടത്തില്‍ കഴിഞ്ഞദിവസം ഒഴുക്കില്‍പ്പെട്ടു കാണാതായ തീര്‍ത്ഥാടകന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കനാല്‍ വാര്‍ഡ് സന്ധ്യാഭവനില്‍ ഗോപകുമാറി(31)ന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടത്.
തൃശൂര്‍ ജില്ലയില്‍ പുല്ലഴി വടക്കുമുറി കനാലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഷൊര്‍ണൂര്‍ കുന്നത്തുവീട്ടില്‍ ബാലചന്ദ്രന്റെ മകന്‍ ബിജോയ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11നാണ് കുളിക്കാനിറങ്ങിയത്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പെരളം വയലിലെ വെള്ളക്കെട്ടില്‍ വൃദ്ധ മുങ്ങിമരിച്ചു. പെരളം അങ്കണവാടിക്ക് സമീപത്തെ കുഞ്ഞിരാമന്റെ ഭാര്യ വെള്ളച്ചി (60) ആണ് മരിച്ചത്. രാത്രിയോടെയാണ് വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടത്.  വെള്ളിക്കോത്തെ വേണുഗോപാലന്‍ (54) തോട്ടില്‍ വീണു മരിച്ചു. ഇന്നലെ സന്ധ്യയോടെ അടോട്ട് കണ്ണികുളങ്ങര ചാലിലാണ് മൃതദേഹം കണ്ടത്. റിട്ട. എക്‌സി. ഓഫിസര്‍ സി എച്ച് രാമന്റെയും റിട്ട. അധ്യാപിക ബേബി ശാരദയുടെയും മകനാണ്.
Next Story

RELATED STORIES

Share it