Kottayam Local

മഴക്കെടുതി : ജില്ലയില്‍ 109 വീടുകള്‍ക്ക് നാശം ; ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു



കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലായി തകര്‍ത്തു പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിലുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകള്‍ പുറത്തുവന്നു. കാലവര്‍ഷം ആരംഭിച്ച് ഇതുവരെ കോട്ടയം ജില്ലയില്‍ 109 വീടുകള്‍ക്ക് നാശം സംഭവിച്ചതായി ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. മെയ് 30 മുതല്‍ ജൂണ്‍ 28 വരെയുണ്ടായ കാറ്റിലും മഴയിലും 15.20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വീടുകള്‍ക്കുണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വീടുകള്‍ക്കു നാശം സംഭവിച്ചത് കോട്ടയം താലൂക്കിലും (30 എണ്ണം) കുറവ് കാഞ്ഞിരപ്പള്ളിയിലുമാണ് (12). മീനച്ചിലില്‍ 25 ഉം വൈക്കത്ത് 23 ഉം ചങ്ങനാശ്ശേരിയില്‍ 19 വീടുകള്‍ക്കുമാണ് നാശമുണ്ടായത്. വീടുകള്‍ നശിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം താലൂക്കില്‍ 4,10,000 രൂപയുടെയും മീനച്ചിലില്‍ 5,32,500 രൂപയുടെയും ചങ്ങനാശ്ശേരിയില്‍ 2,12,180 രുപയുടെയും വൈക്കത്ത് 3,05,250 രൂപയുടെയും കാഞ്ഞിരപ്പള്ളിയില്‍ 60,200 രൂപയുടെയും നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്. അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടത്തിന്റെ യഥാര്‍ഥ കണക്കുകള്‍ ഇനി പുറത്തുവരികയേ ഉള്ളൂ. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണാണ് വീടുകള്‍ക്ക് നാശമുണ്ടായത്.കൂടാതെ മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നും മണ്ണിടിഞ്ഞും അപകടമുണ്ടായിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച മീനച്ചിലാറ്റില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലംപറമ്പില്‍ അഷ്‌റഫിന്റെ മകന്‍ അബീസി(24)ന്റെ മൃതദേഹമാണ് കണ്ടത്തിയത്. വടക്കനാറ്റില്‍ ഈലക്കയത്തിനു താഴെ മുരിക്കോലിക്കടവ് കോസ് വേക്കുസമീപം പടപ്പില്‍ തങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ആദ്യദിവസം ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച അബീസിനൊപ്പം കുളിക്കാനിറങ്ങിയ കൂട്ടുകാരാണ് മൃതദേഹം കണ്ടെടുത്തത്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ലയിലെ പെരുമ്പായിക്കാട്, കോട്ടയം, മണര്‍കാട് വില്ലേജുകളിലായി 4 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സംക്രാന്തി എസ്എന്‍ഡിപി സ്‌കൂള്‍, മള്ളൂശ്ശേരി അമ്പ്രോസ് നഗര്‍, സിഎന്‍ഐ എല്‍പിഎസ്, കണിയാംകുന്ന് എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. പെരുമ്പായിക്കാട് വില്ലേജില്‍ 42 പേരും കോട്ടയത്ത് 5 പേരും മണര്‍കാട് 20 പേരുമാണ് ക്യാംപുകളിലുള്ളത്.
Next Story

RELATED STORIES

Share it