മഴക്കെടുതി ഒഴിയാതെ കോട്ടയം; 34.43 കോടിയുടെ നഷ്ടം

കോട്ടയം: ജില്ലയില്‍ മഴയ്ക്കു ശമനമുണ്ടായിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ നിന്നു ജനങ്ങള്‍ മുക്തിനേടിയില്ല. പൊതുവെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും പടിഞ്ഞാറന്‍ മേഖലകളായ കുമരകം, വൈക്കം, ചെങ്ങളം, ചങ്ങനാശ്ശേരി, അയ്മനം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും പരിസരങ്ങളിലും കയറിയ വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഇതു ദുരിതം തുടരുന്നതിന് കാരണമായിരിക്കുകയാണ്.
എട്ടോളം പേരാണ് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടത്. മഴക്കെടുതിയില്‍ ജില്ലയില്‍ 34.43 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്്. 238 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 55.04 ലക്ഷം രൂപയുടെയും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് ഏഴുലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. 3044.19 ഹെക്റ്റര്‍ വിളനാശം ഉണ്ടായിട്ടുണ്ട്. 25.27 കോടിയുടെ നഷ്ടമാണ് ഈ ഇനത്തില്‍ കണക്കാക്കിയിട്ടുള്ളത്.
പിഡബ്ല്യൂഡി റോഡുകള്‍ക്ക് അഞ്ചുകോടി രൂപയുടെ നഷ്ടവും കെഎസ്ഇബിക്ക് 86 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായി. വാട്ടര്‍ അതോറിറ്റിക്ക് 14.05 ലക്ഷം രൂപയുടെയും ജലസേചന വകുപ്പിന് 1.29 കോടി രൂപയുടെയും നഷ്ടമുണ്ടായി. മൃഗസംരക്ഷണ വകുപ്പിന് 1.20 കോടിയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ലഭ്യമായ കണക്കുപ്രകാരം ഫിഷറീസ് വകുപ്പിന് ജില്ലയില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായത്.
39,406 പേര്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ ദിവസമുണ്ടായിരുന്നു. കോട്ടയം താലൂക്കില്‍ 76, വൈക്കം താലൂക്കില്‍ 66, ചങ്ങനാശ്ശേരി താലൂക്കില്‍ 35, മീനച്ചില്‍ താലൂക്കില്‍ അഞ്ച് എന്നിങ്ങനെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഇന്നലെയും മഴ കാര്യമായി പെയ്യാതിരുന്നതിനാല്‍ ക്യാംപുകളില്‍ ഉണ്ടായിരുന്നവര്‍ പലരും വീട്ടിലേക്കു തിരിച്ചുപോയി തുടങ്ങി. കുടിവെള്ളത്തിന് പ്രദേശത്തെ ജനങ്ങള്‍ വലിയ ദുരിതമാണു നേരിടുന്നത്. കിണറുകളും മറ്റു കുടിവെള്ളസ്രോതസ്സുകളും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന്് കുടിവെള്ളം കിട്ടാക്കനിയായ നിലയിലാണ്. ഭക്ഷണം പാകംചെയ്യുന്ന കാര്യവും വലിയ പ്രതിസന്ധിയിലാണ്. കക്കൂസുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ വലിയ മാലിന്യപ്രശ്്‌നമാണു നേരിടുന്നത്. മഴ ദുരിതം വിതച്ച മേഖലകളില്‍ വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിഞ്ഞെന്ന് പറയാറായിട്ടില്ല. ഒരാഴ്ച നല്ല വെയില്‍ ഉണ്ടായാല്‍ മാത്രമേ വെള്ളം കയറിയ പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് ഒരു പരിധിവരെ മാറ്റമുണ്ടാവുകയുള്ളൂ. അതേസമയം, വെള്ളക്കെട്ട് ഒഴിയാത്ത ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെയും വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് അന്തേവാസികള്‍ ക്യാംപ് വിട്ടുതുടങ്ങിയതോടെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 72 ക്യാംപുകള്‍ ഇന്നലെ പിരിച്ചുവിട്ടു. നിലവില്‍ 110 ക്യാംപുകളാണ് ജില്ലയിലുള്ളത്.
Next Story

RELATED STORIES

Share it