kannur local

മഴക്കുഴി നിര്‍മാണം: ജില്ലയില്‍ നാലുലക്ഷം പേര്‍ അണിനിരക്കും



കണ്ണൂര്‍: ഹരിത കേരളം മിഷന്റെ ഭാഗമായി മഴവെള്ള ശേഖരണത്തിനുള്ള മഴക്കുഴി നിര്‍മാണത്തിനായി ജില്ലയില്‍ നാലുലക്ഷം പേര്‍ അണിനിരക്കും. മുഴുവന്‍ തദ്ദേശസ്ഥാപന വാര്‍ഡുകളിലുമായി മെയ് 20, 21 തിയ്യതികളിലായിരിക്കും മഴക്കുഴികള്‍ നിര്‍മിക്കുക. ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 250 പേരെയെങ്കിലും അണിനിരത്താനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്ത്, നഗരസഭാ തലങ്ങളിലായി ആകെ 1584 വാര്‍ഡുകളുണ്ട്. ഇതുപ്രകാരം രണ്ടു ദിവസങ്ങളിലായി 3.96 ലക്ഷം പേരെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങൡ പങ്കാളികളാക്കാനാവുമെന്നാണ് വിലയിരുത്തല്‍. പഞ്ചായത്ത്,നഗരസഭാ തലത്തിലും വാര്‍ഡ് തലത്തിലും ഒരു പ്രധാന കേന്ദ്രത്തില്‍ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും. പരമാവധി പൊതുസ്ഥലം കണ്ടെത്തി മഴക്കുഴികള്‍ കുഴിച്ചായിരിക്കും ഉദ്ഘാടനം. ജില്ലാ തല ഉദ്ഘാടനം കണ്ണൂരില്‍ വിപുലമായി നടത്താനും യോഗം തീരുമാനിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചുമുതല്‍ ഒരുമാസം നീളുന്ന മരം നട്ടുപിടിപ്പിക്കല്‍ പ്രവര്‍ത്തനവും നടക്കും. റോഡരികില്‍ മരങ്ങള്‍ നടുന്നത് പരമാവധി ഒഴിവാക്കണം. പഞ്ചായത്ത്, പൊതുമരാമത്ത് റോഡുകളില്‍ അനുമതിയില്ലാതെ ഒരു കാരണവശാലും മരം നടരുത്. വീതിയുള്ള റോഡുകള്‍ക്കരികില്‍ ബന്ധപ്പെട്ട അധികൃതരുടെ അനുവാദത്തോടെ മരം നട്ടുപിടിപ്പിക്കാം. മരങ്ങള്‍ കൃത്യമായി പരിപാലിക്കുന്നതിനുള്ള സംവിധാനവും തദ്ദേശസ്ഥാപനങ്ങള്‍ ചെയ്യണം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, മേയര്‍ ഇ പി ലത, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഇംതിയാസ്, കെ പി ജയബാലന്‍, ടി ടി റംല, കെ ശോഭ, അജിത് മാട്ടൂല്‍, പി കെ ശ്യാമള സംബന്ധിച്ചു.
Next Story

RELATED STORIES

Share it