wayanad local

മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

മാനന്തവാടി: സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ കൂട്ടത്തോടം സ്ഥലംമാറ്റിയത് മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുമെന്നു പരാതി.
ജില്ലയിലെ ജെഎച്ച്‌ഐ, ജെപിഎച്ച്എന്‍ വിഭാഗത്തിലുള്ള 59 പേര്‍ക്കാണ് കൂട്ടസ്ഥലം മാറ്റം. സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ നടത്തിവരുന്ന സ്ഥലംമാറ്റത്തിന്റെ ഭാഗമായാണിത്. എന്നാല്‍, ശക്തമായ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നിലവിലുള്ള ആരോഗ്യവകുപ്പിലെ ഈ കൂട്ട സ്ഥലംമാറ്റം മുന്‍കാലങ്ങളിലുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ട സാഹചര്യത്തില്‍ നിരവധി ഡോക്ടര്‍മാരുടെയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കവെയാണ് കഴിഞ്ഞ ദിവസം ഫീല്‍ഡ് വിഭാഗത്തില്‍ സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.
സ്ഥലംമാറ്റപ്പെട്ടവരില്‍ ഭൂരിഭാഗവും മൂന്നു വര്‍ഷം അതാതു സ്ഥലങ്ങളില്‍ സര്‍വീസ് പൂര്‍ത്തിയാക്കാത്തവരാണെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ സ്ഥലംമാറ്റം ലഭിച്ചവര്‍ പുതുതായി ജോലി സ്ഥലത്തെത്തി ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ കാലതാമസം നേരിടും.
പുതിയ സ്ഥലത്തെ ആരോഗ്യ മേഖലയെക്കുറിച്ച് പരിചയപ്പെടുന്നതിനും താമസമുണ്ടാവും. ഈ കാലതാമസങ്ങള്‍ മഴക്കാലമായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങലെ ബാധിക്കുമെന്നാണ് പരാതി ഉയരുന്നത്. രണ്ടാഴ്ച മുമ്പിറങ്ങിയ ക്ലാര്‍ക്കുമാരുടെ സ്ഥലംമാറ്റത്തില്‍ പട്ടികജാതി വിഭാഗക്കാരെപ്പോലും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി മാറ്റിയതായി പരാതികളുയര്‍ന്നിരുന്നു.
അഞ്ചു വര്‍ഷം വരെ പട്ടികവര്‍ഗ-പട്ടികജാതി വിഭാഗങ്ങള്‍ക്ക് അതാതിടങ്ങളില്‍ സംരക്ഷണമുണ്ടെന്നിരിക്കെയാണ് ഫീല്‍ഡ് വിഭാഗത്തിലും ഓഫിസ് വിഭാഗത്തിലും ഈ വിഭാഗത്തില്‍പ്പെട്ടവരെ സ്ഥലംമാറ്റിയിരിക്കുന്നത്.
സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ സ്ഥലംമാറ്റം പതിവാണെങ്കിലും ആരോഗ്യവകുപ്പില്‍ പ്രതിപക്ഷ യൂനിയന്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് സന്ദര്‍ഭങ്ങള്‍ പോലും പരിഗണിക്കാതെ സ്ഥലംമാറ്റിയതായാണ് ആക്ഷേപം.
Next Story

RELATED STORIES

Share it