malappuram local

മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം മന്ദഗതിയില്‍



കരുവാരകുണ്ട്: തോട്ടം മേഖലയായ കേരളാ എസ്‌റ്റേറ്റ്, പാന്ത്ര ഭാഗങ്ങളില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തികൊണ്ടിരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഇതുവരെ നടപ്പായിട്ടില്ല. തോട്ടം മേഖലയില്‍പ്പെട്ട കരുവാരകുണ്ട് മേഖലയില്‍ കൊതുകുശല്യം അതികരിച്ചു വരുകയാണ്. തുടര്‍ച്ചയായി പെയ്തു കൊണ്ടിരിക്കുന്ന വേനല്‍മഴയില്‍ റബ്ബര്‍ ചിരട്ടകളിലും പ്ലാസ്റ്റിക് മാലിന്യങ്ങളിലും കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുകിന്റെ ലാര്‍വകള്‍ പെരുകുന്നത്. കരുവാരക്കുണ്ടില്‍ രണ്ടു പേര്‍ക്ക് നേരത്തേ ഡിഫ്തീരിയ പിടിപെട്ടിരുന്നു. പനി ബാധിതരില്‍ പലര്‍ക്കും ഡെങ്കിപ്പനിയാണോയെന്ന സംശയം ആരോഗ്യ വകുപ്പിനുണ്ട്. കൊതുകു പരത്തുന്ന രോഗങ്ങളാണിവ. ടൗണിലെ അഴുക്കുചാലുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികള്‍, ഹോട്ടലുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കുന്ന മലിനജലം അഴുക്കുചാലുകളിലാണ് കെട്ടി നില്‍ക്കുന്നത്. ടൗണിലെ മാര്‍ക്കറ്റുകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് ജനങ്ങളില്‍  ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും നിസംഗത വെടിഞ്ഞ് എത്രയും വേഗം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it