malappuram local

മഴക്കാല പൂര്‍വ ശുചീകരണം: വാര്‍ഡ് തലത്തില്‍ ശുചിത്വ സ്‌ക്വാഡ് രൂപീകരിക്കും

മലപ്പുറം: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ശുചിത്വ സ്‌ക്വാഡ് രൂപീകരിക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ജില്ലാ ശുചിത്വ മിഷന്‍ യോഗത്തില്‍ തീരുമാനമായി. വാര്‍ഡ് തലത്തില്‍ ശുചിത്വ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ നേതൃത്വം നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രാദേശിക ക്ലബ്ബ് അംഗങ്ങള്‍ എന്നിവരെ ശുചിത്വ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. 30നകം ശുചിത്വ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം പൂര്‍ത്തിയാക്കും. മെയ് രണ്ടു മുതല്‍ ഓരോ വാര്‍ഡിലെയും വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി തുടങ്ങും. ശുചിത്വ സ്‌ക്വാഡ് വീടുകള്‍ സന്ദര്‍ശിച്ച് മാലിന്യത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഓരോ വാര്‍ഡിലെയും അഴുക്കുചാലുകളും മലിനീകരിക്കപ്പെട്ട പൊതുജല സംഭരണികളും വൃത്തിയാക്കും.
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നോട്ടീസുകള്‍ ശുചിത്വ സ്‌ക്വാഡ് വീടുകള്‍ തോറും വിതരണം ചെയ്യും. വീടുകളില്‍ ആഴ്ച തോറും ഡ്രൈഡേ ആചരിക്കേണ്ടതിനെപ്പറ്റിയും ശുചിത്വസ്‌ക്വാഡ് വിശദീകരിക്കും. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഓരോ വാര്‍ഡിനും 25,000 രൂപ അനുവദിക്കാനും തീരുമാനിച്ചു. ജൂണ്‍ 30നു മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനനുസരിച്ചായിരിക്കും തുക അനുവദിക്കുക. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ തലത്തില്‍ മോണിറ്ററിങ് കമ്മറ്റി രൂപീകരിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍,ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.
അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ ഹൈദര്‍ അലി, ഡെപ്യൂട്ടി ഡിഎംഒ ഡോ. എസ് ഷിബുലാല്‍, വിവിധ പഞ്ചായത്ത്-നഗരസഭാ സെക്രട്ടറിമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it