മഴക്കാല ദുരിതാശ്വാസം: മുഖ്യമന്ത്രിക്ക് വിമര്‍ശനം

ന്യൂഡല്‍ഹി: കുട്ടനാട്ടിലെ മഴക്കാല ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാത്തതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ മാറിനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ക്കടക ചികില്‍സയിലാണോയെന്ന് ചെന്നിത്തല ചോദിച്ചു.
ദുരിതാശ്വാസ ക്യാംപുകള്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തവണ്ണം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ദുരിതം അനുഭവിക്കുന്ന ഒരോരുത്തര്‍ക്കും അവശ്യമായ സഹായധനം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കടലാക്രമണം രൂക്ഷമാവുമ്പോഴും ആശ്വാസനടപടിയൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു 80 കോടി അനുവദിച്ചെന്നു പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കുകയാണു ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
800 കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കേന്ദ്രസഹായം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it