kozhikode local

മഴക്കാല ദുരന്തങ്ങള്‍ നേരിടാന്‍ നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍

കോഴിക്കോട്: പതിനാലാം കേരള നിയമസഭയിലേക്ക് തിര ഞ്ഞെടുക്കപ്പെട്ടശേഷം കലക്ടറേറ്റില്‍ ആദ്യമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ പുതിയ സര്‍ക്കാറില്‍ ജില്ലയുടെ ചുമതലയുള്ള ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് മുന്നില്‍ മഴക്കാല ദുരന്തങ്ങള്‍ നേരിടാന്‍ ജില്ല സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ വിശദമായി അവതരിപ്പിച്ചു.
ചര്‍ച്ച തുടങ്ങിവച്ച മന്ത്രി ജൂണ്‍ അഞ്ചിന് ജില്ലയിലെ ആയിരത്തിലധികമുള്ള ഗ്രാമപ്പഞ്ചായത്ത്- മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ നടത്തുന്ന ശുചീകരണയജ്ഞത്തിനും മറ്റ് മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജനപ്രതിനിധികളോവശ്യപ്പെടുകയായിരുന്നു.
ആദ്യം സംസാരിച്ച മുന്‍മന്ത്രി കൂടിയായ ഡോ. എം കെ മുനീര്‍ വാര്‍ഡ്തലങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളാണ് ശുചീകരണയജ്ഞം വിജയിപ്പിക്കുന്നതിന് അടിസ്ഥാന പങ്കുവഹിക്കുകയെന്ന് മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍വച്ച് വിവരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്. ചില വാര്‍ഡുകള്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ആര്‍എച്ച്എം) ഫണ്ട് പോലും പ്രയോജനപ്പെടുത്താത്ത അനുഭവങ്ങളുണ്ട്. ശുചിത്വമിഷന്‍ ഫണ്ട് താല്‍ക്കാലികമായി ചെലവഴിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് പെര്‍മിസീവ് സാങ്ഷന്‍ നല്‍കുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കൊതുകുല്‍പാദനകേന്ദ്രമായി മാറിയിട്ടുണ്ടെന്നു ം ഇത് ശാസ്ത്രീയമായി പാര്‍ക്ക് ചെയ്യാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ഓവുചാലുകള്‍ വൃത്തിയാക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് മനുഷ്യമനസിന്റെ ഓവുകള്‍ നന്നാക്കുന്നതെന്ന് വി കെ സി മമ്മദ്‌കോയ പറഞ്ഞു.
യാതൊരു സങ്കോചവുമില്ലാതെ ആളുകള്‍ മാലിന്യം റോഡിലും ഓടയിലും തള്ളിവിടുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് അടഞ്ഞുകിടക്കുന്ന ഓവുകള്‍ തുറക്കണം. അരീക്കാടും പരിസരത്തും ചിലയിടത്ത് റോഡിലെ കോണ്‍ക്രീറ്റ് മൂടി തുറക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണെന്നും വി കെ സി പറഞ്ഞു. മഴക്കാലമെത്തിയെങ്കിലും ചില പ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളക്ഷാമം പരിഹരിച്ചിട്ടില്ലെന്ന് പുരുഷന്‍ കടലുണ്ടി പറഞ്ഞു. പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതാക്കണം. ജില്ലാ ആശുപത്രിയില്‍ കാഷ്വാലിറ്റി ഏര്‍പ്പെടുത്തണം. വൈദ്യുതിബോര്‍ഡ്- പോലിസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ പിടിച്ചെടുത്ത മണല്‍കടത്തുവാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഗവ. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം മഴക്കാലങ്ങളില്‍ കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടാറുണ്ടെന്ന് കെ ദാസന്‍ പറഞ്ഞു.
രാത്രി മരുന്ന് കൊടുക്കാനുള്ള സൗകര്യമുണ്ടാക്കണം. ഡേ ാക്ടര്‍മാരെ ഇപ്പോള്‍ അവധിയെടുക്കാന്‍ സമ്മതിക്കരുത്. അവരുടെ ട്രാന്‍സ്ഫര്‍ ഉത്തരവുകളും ഒഴിവാക്കണം. കൊയിലാണ്ടിയിലെ തീരപ്രദേശങ്ങളില്‍ കൊതുകുശല്യം രൂക്ഷമാണ്. നാദാപുരത്തും തിരുവമ്പാടിയിലും മറ്റുമുള്ള ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ധ്രുതകര്‍മ്മസേനാ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് ഇ കെ വിജയന്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികള്‍ വിദ്യാലയ പരിസരങ്ങളിലും മറ്റും അത്യാവശ്യ ശുചീകരണ സൗകര്യം പോലുമില്ലാതെ കൂട്ടമായി താമസിക്കുന്നത് മഞ്ഞപിത്തവും മലേറിയയും പരത്താനിടയാക്കും. ഒരു മുറിയില്‍ 10ഉം 20ഉം പേരാണ് ഇങ്ങനെ താമസിക്കുന്നത്. ജൂണ്‍ അഞ്ചിലെ ശുചീകരണയജ്ഞത്തില്‍ നിന്ന് പിഞ്ചുകുട്ടികളെ ഒഴിവാക്കണം.
മഴക്കാലത്ത് ആശുപത്രികളില്‍ റിട്ട. ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം. കോഴിക്കോട് നഗരത്തിന് അപമാനമായി ആവിയില്‍തോട് നിലനില്‍ക്കുകയാണെന്നും ഇതിന് പരിഹാരം കാണാന്‍ വലിയതുകയുടെ പദ്ധതി ആവശ്യമാണെന്നും എ പ്രദീപ്കുമാര്‍ പറഞ്ഞു. സാധാരണ ടെന്‍ഡര്‍ നടപടി കാലതാമസം വരുത്തും. യുദ്ധകാല നടപടിവേണം. വില്ലേജ് ഓഫിസ് മുതല്‍ കലക്ടറേറ്റ് വരെ ശുചിയാക്കണം. പൊതുസ്ഥാപനങ്ങള്‍ മാതൃകയാവാതെ നാട്ടുകാരോട് വൃത്തിയില്‍ നടക്കാന്‍ പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് ശുചീകരണ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് ആക്കംകൂട്ടുമെന്ന് കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടു.
അപകട സാധ്യതയുള്ള മരം മുറിക്കാന്‍ മൂന്ന് വഴികളുണ്ടെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. അദ്ദേഹം വിശദമാക്കി. അപകടസാധ്യതയുള്ള മരം മുറിക്കാനാണെങ്കില്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം ഓഫിസില്‍ അപേക്ഷിച്ച് അനുമതി വാങ്ങുകയാണ് വേണ്ടത്. ഏറെ അപകടാവസ്ഥയിലുള്ള മരം മുറിക്കാനാണെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടം 133 പ്രകാരം സബ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.
ഹിയറിങിനുശേഷം അദ്ദേഹം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഏതു നിമിഷവും മിറഞ്ഞുവീഴാമെന്ന അവസ്ഥയിലുള്ളതും അടിയന്തര നടപടി ആവശ്യവുമുള്ള കേസാണെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട ഡെപ്യൂട്ടി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it