kannur local

മഴക്കാല അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം





കണ്ണൂര്‍: മഴക്കാലത്ത് അപകടം കുറയ്ക്കാന്‍ കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും രംഗത്ത്. റോഡരികിലും കവലകളിലും ട്രാഫിക് സിഗ്്‌നലുകളിലും മറ്റുമുള്ള കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ഫഌക്‌സുകള്‍, ഹോര്‍ഡിങുകള്‍, കമാനങ്ങള്‍, കട്ടൗട്ടുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ടവര്‍ തിങ്കളാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉത്തരവിട്ടു. മഴക്കാലത്ത് ട്രാഫിക് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരമാണിത്. റോഡിനോട് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡ്ഡുകള്‍, നിര്‍മിതികള്‍, റോഡിനു കുറുകെ കെട്ടിയ തോരണങ്ങള്‍ എന്നിവയും നീക്കംചെയ്യണം. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാലും മഴയിലും കാറ്റിലും റോഡിലേക്ക് പൊട്ടിവീണ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാലുമാണ് തീരുമാനം. ഇവ സ്ഥാപിച്ചവര്‍ തിങ്കളാഴ്ചയ്ക്കകം സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരമുള്ള ശിക്ഷാനടപടികളെടുക്കും. തിങ്കളാഴ്ച അര്‍ധ രാത്രിമുതല്‍ പോലിസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്യും. നീക്കം ചെയ്ത് കൊണ്ടുപോവുന്നതിനു വരുന്ന ചെലവ് ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് ഈടാക്കും. ഈ രീതിയില്‍ നീക്കം ചെയ്യപ്പെട്ട സാധനങ്ങള്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി ലേലത്തില്‍ വിറ്റ് തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ഇതുമായി ബന്ധപ്പെട്ട് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രത്യേക യോഗം വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി റിപോര്‍ട്ട് ചെയ്യാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇത്തരം സ്ഥലങ്ങളില്‍ അപകടസൂചനാ ബോര്‍ഡുകള്‍, റിഫഌക്ടറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളും. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഡിവൈഡറുകളില്‍ റിഫഌക്ടറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അത് സ്ഥാപിക്കും.റോഡുകളിലേക്ക് തള്ളിനില്‍ക്കുന്ന വൈദ്യുതി-ടെലഫോണ്‍ തൂണുകള്‍ നീക്കാനും നിര്‍ദേശം നല്‍കി. റോഡിലേക്ക് പൊട്ടിവീഴാനിരിക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ നീക്കം ചെയ്യുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയതാണെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. അപകടത്തിന് കാരണമാവുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതാത് സിഐ ഓഫിസുകളില്‍ അറിയിക്കാം. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എസ്പി ജി ശിവ വിക്രം, ഡെപ്യൂട്ടി കലക്ടര്‍(ഡിഎം) ബി അബ്ദുന്നാസിര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it