Idukki local

മഴക്കാലമെത്തിയിട്ടും കമ്മീഷന്‍ ചെയ്യാനാവാതെ അറക്കുളം ജലനിധി പദ്ധതി

തൊടുപുഴ: വേനല്‍കാലത്ത് കടുത്ത ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന അറക്കുളം പഞ്ചായത്തില്‍ പത്തര കോടി രൂപാ മുടക്കി നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ കമ്മീഷന്‍ വൈകുന്നു. മൂന്ന് വര്‍ഷം മുമ്പാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഗതടയണകള്‍,ജലസംഭരണികള്‍,മഴവെള്ള സംഭരണികള്‍, കിലോമീറ്ററുകള്‍ നീളത്തില്‍ പൈപ്പ് ലൈനുകള്‍ എന്നിവയുള്‍പ്പെടെ സ്ഥാപിച്ചുകൊണ്ടുള്ള വമ്പന്‍ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്. പദ്ധതി നടത്തിപ്പിന് 15 വാര്‍ഡുകളിലായി 37 ഗുണഭോക്തൃ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി പഞ്ചാത്ത് തലത്തില്‍ ബി ജി ഫെഡറേഷനും രൂപം കൊടുത്തിരുന്നു. പത്തര കോടി രൂപാ മുടക്കിയുള്ള പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്ത് സഹായ സംഘടനയായി പ്രവര്‍ത്തിക്കുന്നത് എറണാകുളം രാജഗിരി ഔട്ട് റീച്ചാണ്. പദ്ധതിയുടെ നടത്തിപ്പിന് വിവിധ തസ്തികകളിലായി പതിനഞ്ചോളം ജീവനക്കാരെയും സഹായ സംഘടന നിയമിച്ചിരുന്നു. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതും സഹായ സംഘടനയാണ്. ഇവരെ കൂടാതെ പ്രൊജക്ട് കമ്മീഷണര്‍, അസി.പ്രൊജക്ട് കമ്മീഷണര്‍ എന്നീ തസ്തികകളിലായി സര്‍ക്കാരില്‍ നിന്നും രണ്ട് ജലനിധി ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു. സഹായ സംഘടന പഞ്ചായത്തുമായിട്ടാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഓരോ ഗുണഫോക്തൃ കമ്മിറ്റിക്കു കീഴിലും ശരാശരി 40 വീതം 2400 ലധികം കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിക്ക് വരുന്ന മുടക്കു മുതലിന്റെ പത്ത് ശതമാനം ഗുണഫോക്തൃ വിഹിതമാണ്. ബാക്കി 15 ശതമാാനം പഞ്ചായത്തും 75 ശതമാനം കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ഗുണഫോക്തൃ വിഹിതം ഒരു കുടുംബത്തില്‍ നിന്ന് ജനറല്‍ വിഭാഗത്തിന് 4000 രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് 2000 രൂപാ വീതവുമാണ് ഈടാക്കിയത്. ഓരോ കുടുംബത്തിലേയും പണം ശേഖരിച്ച് ഗുണഫോക്തൃ കമ്മിറ്റി വിഹിതം അടക്കുമ്പോള്‍ തന്നെ പഞ്ചായത്തിന്റെയും സര്‍ക്കാരിന്റേയും ഫണ്ട് ലഭ്യമാകുന്ന രീതിയിലായിരുന്നു നടപടിക്രമങ്ങള്‍. അതിനാല്‍ തന്നെ ഫണ്ടിന്റെ ലഭ്യത പദ്ധതി നടത്തിപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സഹായ സംഘടനയുടെ വീഴ്ചയാണ് പദ്ധതി വൈകുന്നതിന് കാരണമെന്ന് സൂചനയുണ്ട്. സഹായ സംഘടനയുടെ മേല്‍ ബി ജി ഫെഡറേഷനോ ജലനിധി ഉദ്യോഗസ്ഥര്‍ക്കോ നിയന്ത്രണാധികാരം ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സഹായ സംഘടനയെക്കൊണ്ട് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കിക്കേണ്ട പഞ്ചായത്ത് അത് ചെയ്യാത്തതാണ് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകുന്നതിന് കാരണമെന്ന ആക്ഷേപം ശക്തമായി.
Next Story

RELATED STORIES

Share it