ernakulam local

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല; സെക്രട്ടറിയെ ഉപരോധിച്ചു



വൈപ്പിന്‍: പള്ളിപ്പുറം പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതായി ആരോപിച്ച് ബ്ലാക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് സോളിരാജിന്റെയും ഒമ്പതാംവാര്‍ഡ് മെംബര്‍ സുനിതാപ്രസാദിന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.പള്ളിപ്പുറം പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ കാന്‍സര്‍ രോഗം ബാധിച്ച പനങ്ങാടന്‍ തോമസ് ഭാര്യ ലില്ലിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ടാണ്. ഇതുമൂലം കൊതുകുശല്യം അനുഭവപ്പെടുന്നു. ഇത് പനി പടര്‍ന്നു പിടിക്കാന്‍ ഇടയാവും. പള്ളിപ്പുറം പഞ്ചായത്തില്‍ റോഡരികിലും ഉള്‍പ്രദേശങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് ഇത്തവണ തയ്യാറായിട്ടില്ല. കാക്കകളും മറ്റു പക്ഷിമൃഗാദികളും മാലിന്യം വലിച്ച് പലസ്ഥലങ്ങളിലും കൊണ്ടുവന്നിടുന്നു. ഒപ്പം പ്രദേശങ്ങളില്‍ അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നു. ഇത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാവുന്നു. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ പള്ളിപ്പുറം പഞ്ചായത്തില്‍  ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടില്ലായിരുന്നു. പകര്‍ച്ചവ്യാധിഭീഷണിയും ഉണ്ടാകുമായിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നോതാക്കള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് സോളിരാജിന്റെയും ഒമ്പതാം വാര്‍ഡ് മെംബര്‍ സുനിതാപ്രസാദിന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അടിയന്തിരമായി വെള്ളക്കെട്ടുകള്‍ ഒഴിവാക്കുവാനും മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനും രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാനും നടപടികള്‍ സ്വീകരിക്കാമെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിന്‍മേല്‍ സമരം പിന്‍വലിച്ചു. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയംഗം അരവിന്ദാക്ഷന്‍ ബി തച്ചേരി, കെ വി പുരുഷോത്തമന്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് പി ബി സുധി, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ കെ ശ്രീവിലാസന്‍, ദേശീയ കായികവേദിചെയര്‍മാന്‍ മനു കുഞ്ഞുമോന്‍, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അമല്‍കൃഷ്ണ, പി എസ് പുരുഷന്‍, കെ എ സന്ദീപ്, എ കെ ടിന്റു പങ്കെടുത്തു.
Next Story

RELATED STORIES

Share it