kozhikode local

മഴക്കാലപൂര്‍വ ശുചീകരണത്തിന് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം: മന്ത്രി

കോഴിക്കോട്: ജില്ലയിലെ കച്ചവടസ്ഥാപനങ്ങള്‍, തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പരിസരങ്ങളില്‍  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന്  മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍  റെസിഡന്‍സ് അസോസിയേഷനുകളെ വിളിച്ചു ചേര്‍ത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം അതത് പ്രദേശത്തു തന്നെ ഏര്‍പ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും എതിര്‍പ്പ് കണ്ടെത്തിയാല്‍ പരിഹരിക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തുമെന്നും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി അറിയിച്ചു.
കോഴിക്കോടിനെ സീറോ വേസ്റ്റ് ജില്ലയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള സംഘടിതമായ ശ്രമം നടക്കുകയാണ്.ഇതിന് കച്ചവടസംഘടനകളും തൊഴിലാളി സംഘടനകളും സംയുക്തമായി പ്രവര്‍ത്തിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നിപ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇടിവുണ്ടായ പഴ വിപണി തിരിച്ചു കൊണ്ടുവരണം. ഇതിനായി ജനങ്ങളിലെ അനാവശ്യ ഭീതി ഒഴിവാക്കണം. സാധാരണ ജീവിതത്തിലേക്കു ജനങ്ങളെ കൊണ്ടുവരാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും കച്ചവടക്കാര്‍ക്കിടയില്‍ എന്തെങ്കിലും പ്രത്യേക അന്തരീക്ഷം ഉണ്ടെങ്കില്‍ മാറ്റിയെടുക്കുന്നതിന് സംഘടനകളുടെ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹകരണവും സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി. കലക്ടര്‍ യു വി ജോസ്, ഡിഎംഒ വി ജയശ്രീ, ഡെപ്യൂട്ടി പോലിസ് കമ്മീഷര്‍ മെറിന്‍ ജോസഫ്്, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍,വ്യാപാര വ്യവസായ പ്രതിനിധികള്‍, ലയണ്‍സ് ക്ലബ് അസോസിയേഷന്‍ പ്രതിനിധികള്‍, വഴിയോര സംഘടന തൊഴിലാളി പ്രതിനിധികള്‍, ഹോട്ടല്‍ & റസ്റ്ററന്റ് പ്രതിനിധികള്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it