മഴക്കാലപൂര്‍വ ശുചീകരണം; പിന്തുണ നല്‍കാന്‍ സ്റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പരിപാടികള്‍ക്കാവശ്യമായ പിന്തുണയും സഹായവും നല്‍കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ എസ്എച്ച്ഒ മാര്‍ക്കും മറ്റ് യൂനിറ്റ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
പ്രാദേശിക തലങ്ങളില്‍ അമിതമായ ഖര, ജല, വായു മലിനീകരണമുണ്ടാക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ന്ന് ജനമൈത്രി സമിതികളുടെ സഹായത്തോടെ അവയ്‌ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പുകള്‍ക്കുശേഷവും ഇത് തുടരുന്നവര്‍ക്ക് ഐപിസി സെക്ഷന്‍ 269, 278, കേരള പോലിസ് ആക്റ്റ് 120(ല), 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 340(അ), 340(ആ), 341, 342 സെക്ഷനുകള്‍, കേരള പഞ്ചായത്തീരാജ് ആക്റ്റിലെ 219 (ച), 219(ഛ), 219(ജ), 252 എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പോലിസ് സഹകരണം നല്‍കും. പോലിസ് ഓഫിസുകളും പരിസരങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ ജില്ലാ പോലിസ് മേധാവിമാരും റേഞ്ച് ഐജിമാരും മേഖല എഡിജിപിമാരും ആവശ്യമായ മേല്‍നോട്ടം വഹിക്കണമെന്നും പോലിസ് നടപടികള്‍ സംബന്ധിച്ച റിപോര്‍ട്ട് ജൂണ്‍ 15നകം പോലിസ് ആസ്ഥാനത്ത് എത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it