palakkad local

മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് ആവശ്യം

പട്ടാമ്പി: മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തി ഊര്‍ജിതമാക്കണമെന്ന് പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം. താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ മലേരിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
താലൂക്കിന് കീഴിലെ ഓരോ പഞ്ചായത്തിലും പകര്‍ച്ച വ്യാധി തടയാന്‍ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രത്യേകയോഗം വിളിക്കാനും  വികസനസമിതി നിര്‍ദേശിച്ചു.
കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനിമരണം സംഭവിച്ച ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണപ്രവൃത്തിക്ക് പ്രത്യേകം ശ്രദ്ധകൊടുക്കാന്‍ യോഗാധ്യക്ഷനായ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭവനനിര്‍മാണപദ്ധതിയില്‍ വീട് നിര്‍മാണത്തിന് അര്‍ഹതപ്പെട്ടവരുടെ ഭൂമിക്ക് കെഎല്‍യു കിട്ടാത്ത സ്ഥിതിയുണ്ടെന്ന് യോഗത്തില്‍ പരാതിയുയര്‍ന്നു.
ഭൂമിക്ക് കെഎല്‍യു കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട ജില്ലാതലസമിതിയോട് ആവശ്യപ്പെടാന്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനമെടുത്തു. ദര്‍ഘാസ് നടപടി പൂര്‍ത്തിയാക്കാത്തതുമൂലം പല റോഡുകളുടെയും നിര്‍മാണം തുടങ്ങാനാവാത്ത സ്ഥിതിയാണ്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പട്ടാമ്പി നഗരസഭാ ഉപാധ്യക്ഷ സി സംഗീത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം രജീഷ, എ കൃഷ്ണകുമാര്‍, തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. കേശവന്‍, തഹസില്‍ദാര്‍ കാര്‍ത്ത്യായനിദേവി, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ഇ പി ശങ്കരന്‍, പി കെ ഉണ്ണിക്കൃഷ്ണന്‍, അബ്ദുറഹ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it