kasaragod local

മഴക്കാലപൂര്‍വ ശുചീകരണം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാവുന്നു

കാസര്‍കോട്: മഴക്കാലപൂര്‍വ ശുചീകരണം സംസ്ഥാനമൊട്ടുക്കും സജീവമായി നടക്കുമ്പോള്‍ കാസര്‍കോട് നഗരത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നഗരമധ്യത്തിലും റോഡരികിലും തീയിട്ട് നഗരസഭ തന്നെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് രാവിലെയാണ് തീയിടുന്നത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും നഗരസഭ നഗരത്തിലെ മാലിന്യങ്ങള്‍ അതാത് ഇടങ്ങളില്‍ തീയിടുകയാണ് ചെയ്യുന്നത്. നഗരവാസികള്‍ക്ക് ഉച്ചവരെ പ്ലാസ്റ്റിക്കിന്റെ പുക ശ്വസിച്ച് കഴിയേണ്ട ഗതികേടിലാണ്.
നഗരസഭയുടെ അധീനതയിലുള്ള കേളുഗുഡെയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പരിസരവാസികള്‍ എതിര്‍ത്തതോടെയാണ് നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനിടമില്ലാതായത്.
മഴക്കാലപൂര്‍വ ശുചീകരണം കഴിഞ്ഞ ദിവസം ഏറെ കൊട്ടിഘോഷിച്ച് നടത്തിയിരുന്നു. എന്നാല്‍ നഗരസഭാ കാര്യാലയത്തിന് സമീപത്ത് കൂട്ടിയിട്ട മാലിന്യങ്ങള്‍ പോലും നീക്കാതെയാണ് ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
സ്‌കൂളും വ്യാപാര സ്ഥാപനങ്ങളുമുള്ള ഈ സ്ഥലത്ത് മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ മാലിന്യങ്ങള്‍ കൊണ്ടിടാന്‍ സ്ഥലമില്ലാത്തതിനാണ് കൂട്ടിയിട്ട് കത്തിക്കുന്നത്.
മാരകമായ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് പുറമേ ശക്തമായ കാറ്റില്‍ മാലിന്യങ്ങളില്‍ നിന്ന് തീപ്പൊരികള്‍ വാഹനങ്ങളിലേക്കും കാല്‍നടയാത്രക്കാരുടെ ദേഹത്തിലേക്കും പടര്‍ന്ന സംഭവമുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും അലക്ഷ്യമായാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ട് തീയിടുന്നത്.
Next Story

RELATED STORIES

Share it