thiruvananthapuram local

മഴക്കാലപൂര്‍വ ശുചീകരണം മന്ദഗതിയില്‍

വെഞ്ഞാറമൂട്: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. പൊതുസ്ഥലങ്ങളില്‍ മാലിന്യം അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒട്ടുമിക്ക ഗ്രാമപ്പഞ്ചായത്തുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. മഴക്കാലമാവുമ്പോള്‍ മാലിന്യം അഴുകി പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതിനിടയാക്കുന്നതിനാലാണ് മഴക്കാലത്തിന് മുന്നോടിയായി മാലിന്യ നിര്‍മാര്‍ജനത്തിന് പ്രാധാന്യം കല്‍പിച്ചത്.
ഇതിനായി പ്രത്യേക കര്‍മ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുന്നതിനായി ഓരോ വകുപ്പിനും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകനയോഗം കഴിഞ്ഞ 13ന് തദ്ദേശസ്വയംഭരണ വകുപ്പ്(റൂറല്‍) സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുകയും യോഗത്തില്‍ എടുത്ത തീരുമാനം ഡെപ്യൂട്ടി സെക്രട്ടറി ദിവ്യഎസ് അയ്യര്‍ ഒപ്പിട്ട സര്‍ക്കുലറുകള്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട മറ്റ് വകുപ്പ് മേധാവികള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും അവരുടെ ചുമതലകളും അത് നടപ്പാക്കേണ്ടുന്ന തിയ്യതികളും വ്യക്തമായി സൂചിപ്പിച്ചിരുന്നു.
മെയ് 5് മുതല്‍ 7വരെ പുനചംക്രമണസാധ്യതയുള്ള അജൈവ മാലിന്യ ശേഖരണത്തിനായി പ്രത്യേക സമാഹരണ യജ്ഞം നടത്തുന്നതിന് വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുക, വിവിധ സംഘടനകളുടെ സഹകരണയോഗം വിളിച്ചു ചേര്‍ക്കുക, വിവിധ സംഘടനകളുടെ സഹകരണത്തോടെ നിലവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും ഓരോ ക്യാംപ് വീതം സംഘടിപ്പിക്കുക, തുടങ്ങിയവയായിരുന്നു മെയ് 15 നകം നടപ്പാക്കേണ്ടുന്ന പ്രധാന നിര്‍ദേശങ്ങള്‍.
30 വരെ നടപ്പാക്കേണ്ടുന്ന നിര്‍ദേശങ്ങളും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ 15 വരെ നടപ്പാക്കാന്‍ പറഞ്ഞിരുന്ന നിര്‍ദേശങ്ങളാണ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയത്. ഇതുകാരണം പലയിടങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടന്നിരുന്നത് മാറ്റിയിട്ടില്ല. വേനല്‍ മഴയില്‍ ഇവയെല്ലാം കുതിര്‍ന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായി. സംസ്ഥാനപാതയുടെ പല ഭാഗങ്ങളിലും ഓടനിര്‍മിച്ചിട്ടുണ്ടെങ്കിലും സ്ലാബിട്ട് മൂടാത്ത സ്ഥലങ്ങളുണ്ട്. ഈ ഭാഗങ്ങളില്‍ ആളുകള്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ട്്്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഓടയിലെ നീരൊഴുക്ക് തടസ്സപ്പെട്ട പലയിടങ്ങളിലും വെള്ളക്കെട്ടിനിടയാക്കി.
Next Story

RELATED STORIES

Share it