Flash News

മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങി



റജീഷ്  കെ  സദാനന്ദന്‍

മലപ്പുറം: സംസ്ഥാനത്ത് വരള്‍ച്ചയ്ക്കു പിറകെ കാലവര്‍ഷമെത്തിയപ്പോള്‍ പൊതുജനാരോഗ്യം കടുത്ത വെല്ലുവിളിയില്‍. പകര്‍ച്ചപ്പനിയും ഡെങ്കിയും എച്ച്1 എന്‍1 രോഗബാധയും ഭീഷണി ഉയര്‍ത്തുമ്പോള്‍ പ്രതിരോധം പേരിനു മാത്രമാണ്. തദ്ദേശസ്വയംഭരണവകുപ്പ് മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തികഞ്ഞ അലംഭാവമാണ് ഇത്തവണയും പുലര്‍ത്തിയത്. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനത്തിടെ കാലവര്‍ഷത്തിനു മുമ്പ് കൈക്കൊള്ളേണ്ട നടപടികള്‍ ഭൂരിപക്ഷം തദ്ദേശഭരണ കേന്ദ്രങ്ങളിലും പേരിനു മാത്രമായി. മഴയെത്തിയിട്ടും മിക്കയിടങ്ങളിലും ഓടകള്‍ തുറക്കലും ശുചീകരണ പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. മണ്ണടിഞ്ഞ് അടഞ്ഞുപോയ ഓടകളില്‍ നിന്നു മാലിന്യങ്ങള്‍ മഴവെള്ളത്തോടൊപ്പം പുറത്തേക്കൊഴുകി ജനവാസകേന്ദ്രങ്ങളില്‍ പരക്കുന്നത് രോഗഭീഷണി ഉയര്‍ത്തുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് പ്രാരംഭ യോഗങ്ങള്‍ പോലും ചേര്‍ന്നിരിക്കുന്നത്. 94 ഗ്രാമപ്പഞ്ചായത്തുകളും 12 നഗരസഭകളുമുള്ള മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ തദ്ദേശ ഭരണകൂടങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ പകുതി പേര്‍ പോലുമുണ്ടായിരുന്നില്ല. മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മുന്‍വര്‍ഷങ്ങളിലേതുപോലെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മഴക്കാല രോഗപ്രതിരോധം കുറ്റമറ്റതാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, മഴ പെയ്ത ശേഷം മാത്രമുള്ള പ്രതിരോധം ഇത്തവണയും പതിവ് ആചാരമാവുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗതീവ്രത കാര്യമായി റിപോര്‍ട്ട് ചെയ്ത ഭാഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തദ്ദേശ ഭരണകൂടങ്ങളുടെ ഇടപെടലുകള്‍ക്കു പക്ഷേ വേണ്ടത്ര ആര്‍ജവം ഉണ്ടാവുന്നില്ല. വരള്‍ച്ചാ പ്രതിരോധത്തിന്റെ പേരില്‍ മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങളിലെ വീഴ്ച ന്യായീകരിക്കാനാണ് നീക്കം. ആശാ പ്രവര്‍ത്തകരെയും അങ്കണവാടി ജീവനക്കാരെയും ഉപയോഗിച്ച് വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണം മാത്രമാണ് പേരിനെങ്കിലും നടക്കുന്നത്. മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ ആരോഗ്യഭീഷണി ഇനിയും അപകടകരമായ വിധത്തില്‍ ഉയരുമെന്ന് ആരോഗ്യരംഗത്തെ പൊതുപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടുത്ത വരള്‍ച്ചയ്‌ക്കൊടുവില്‍ എത്തിയ വേനല്‍മഴയാണ് ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും സംസ്ഥാനത്ത് വലിയ തോതില്‍ റിപോര്‍ട്ട് ചെയ്യാന്‍ ഇടയാക്കിയത്.
Next Story

RELATED STORIES

Share it