kozhikode local

മഴക്കാലം: വയനാടന്‍ ചുരം തകര്‍ന്നു തുടങ്ങി



താമരശ്ശേരി: മഴക്കാലം ആരംഭിച്ചതോടെ വയനാടന്‍ ചുരം ഭാഗികമായി തകര്‍ന്നു തുടങ്ങി. വര്‍ഷത്തില്‍ 365 ദിവസവും അറ്റകുറ്റപ്പണി നടത്തിവരുന്ന ചുരത്തിലാണ് മഴ തുടങ്ങിയതോടെ വിവിധ സ്ഥലങ്ങളില്‍ റോഡ് തകര്‍ന്നു തുടങ്ങിയത്. ടൈല്‍സ് പാകിയ രണ്ടാം വളവും മൂന്നാംവളവും നാലാം വളവും ഒമ്പതാം വളവും ഒഴിച്ചാല്‍ മിക്ക സ്ഥലങ്ങളിലും തകര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പല സ്ഥലത്തും വന്‍ കുഴികള്‍ തന്നെ രൂപപ്പെട്ട അവസ്ഥയിലാണ്. ഇത് വാഹനങ്ങളെ അപകടത്തില്‍ ചാടിക്കുന്നു. കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ കോടികള്‍ ചെലവഴിച്ചാണ് ചുരവും കൊടുവള്ളി നെല്ലാങ്കണ്ടി വരെയുള്ള മുപ്പതോളം കിലോമീറ്റര്‍ ദൂരം റോഡ് ടാറിങ് നടത്തിയത്. ടാറിങ് നടത്തുമ്പോള്‍ തന്നെ റോഡ് തകര്‍ന്ന വാര്‍ത്ത അന്നു തേജസ് പ്രസിദ്ധീകരിച്ചിരുന്നു. റോഡ് തകര്‍ച്ചയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഉന്നത ഇടപെടല്‍ മൂലം ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല ഇപ്പോഴും അതേ ഗ്രൂപ്പ് തന്നെയാണ് പണിയും അറ്റകുറ്റപ്പണിയും നടത്തുന്നത്. ദേശീയ പാത വിഭാഗം അധികൃതരും ഇത്തരം അഴിമതിക്കു കൂട്ടുനിന്നതാണ് റോഡ് തകരാന്‍ കാരണമായതെന്ന ആരോപണവും ശക്തമാണ്. ഈ റോഡിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനു ഈ കമ്പനിയുടെ തന്നെ വാഹനങ്ങളും യന്ത്രങ്ങളുമുപയോഗിച്ചാണ് വീട്ടിലേക്ക് റോഡ് ടാര്‍ ചെയ്തുകൊടുത്തിരുന്നതെന്നും ആരോപണം ഉയരുന്നു. നിര്‍മാണത്തിലെ അപാകതയും റോഡ് വിഭാഗവും ജില്ലാ ഭരണകൂടവുമടക്കമുള്ള അധികൃതര്‍ നിരോധിച്ച വലിയ കണ്ടയിനറുകളും ഈ പാതയില്‍ യഥേഷ്ടം വന്‍ ഭാരവുമായി ചുരം ഇറങ്ങുന്നു. മിക്ക ഹെയര്‍പിന്‍ വളവുകളും പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിട്ടും ചുരത്തില്‍ തന്നെ പണി നടത്തികൊണ്ടിരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ഇതിലേക്ക് പതിയുന്നില്ല.
Next Story

RELATED STORIES

Share it