palakkad local

മല കക്കാട്ടിരി റോഡിന് ഇനിയും ശാപമോക്ഷമായില്ല

പട്ടാമ്പി: കക്കാട്ടിരി മല വട്ടത്താണി റോഡിന് ശാപമോക്ഷമില്ല. പത്ത് കോടി ചുവപ്പ് നാടയില്‍. പ്രഖ്യാപനങ്ങള്‍ പാഴാവുന്നു. രണ്ട് സംസ്ഥാന പാതകളെ ബന്ധിപ്പിക്കുകയും സംസ്ഥാന പാതകളില്‍ ഗതാഗതക്കുരുക്ക് അനുഭവിക്കുമ്പോള്‍ സമാന്തരപാതയായി ഉപയോഗിക്കുകയും ചെയ്യുന്ന റോഡാണിത്. തൃശൂര്‍ ജില്ലയില്‍ നിന്നും വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിലേക്ക് എളുപ്പവഴിയായ കക്കാട്ടിരി മല വട്ടത്താണി റോഡ് തകര്‍ച്ചയില്‍ നിന്നും കരകയറാതെ റോഡ് വികസന പ്രഖ്യാപനങ്ങള്‍  ഫയലില്‍ ഉറങ്ങിക്കിടക്കുകയാണ്.
മല സെന്റര്‍ മുതല്‍ വട്ടത്താണി വരെ അഞ്ച് കിലോ മീറ്റര്‍ നീളവും ഏട്ട് മീറ്ററിലധികം വീതിയും രണ്ട് ബസ് റൂട്ടടക്കം ദിനേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോവുന്ന ഏറെ സുപ്രധാനമായ ഒരു റോഡാണ് ടാറിങ് തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതെ വര്‍ഷങ്ങളായി അനാഥമായി കിടക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ റോഡിന്റെ തകര്‍ച്ച പൂര്‍ണതയില്‍ എത്തി നി ല്‍ക്കുകയാണ്. എല്ലാ വര്‍ഷവും അറ്റകുറ്റപണികള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ വകയിരുത്തുമെങ്കിലും ഒരു മഴക്കാലം തീരുന്നതോടെ റോഡ് പഴയ അവസ്ഥയിലേക്ക് മാറുകയും ചെയ്യും. ഗ്രാമീണ റോഡായതിനാല്‍ ഫണ്ട് അനുവദിക്കുന്നതില്‍ പരിമിധികള്‍ ഉണ്ടെന്ന് ജനപ്രതിനിധികളും ഭരണാധികാരികളും പഞ്ചായത്തും പറഞ്ഞപ്പോള്‍ റോഡ് പി ഡബ്ല്യൂഡിക്ക് വിട്ടു നല്‍കണമെന്ന അപേക്ഷ പരിഗണിച്ച്  പഞ്ചായത്ത് ഭരണസമിതി റോഡ് വിട്ടു നല്‍കിയിരുന്നു. പക്ഷേ നാളിതുവരെയും റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ല. ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥലം എം എല്‍എയുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി സര്‍ക്കാരിന്റെ ആദ്യ  ബജറ്റില്‍  റോഡ് ഉന്നത നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് വേണ്ടി പത്ത് കോടി  അനുവദിച്ചതായി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം പല റോഡുകള്‍ക്കും കിഫ് ബി വഴി ഫണ്ട് അനുവദിച്ചുവെങ്കിലും കക്കാട്ടിരി റോഡിന്റെ കാര്യത്തി ല്‍ ഒരു നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
തൃത്താല മണ്ഡലത്തിലെ ഭൂരിഭാഗം പ്രധാന റോഡുകളും ഉന്നത നിലവാരത്തില്‍ എത്തിയപ്പോള്‍ ഈ റോഡ് മാത്രം ഇന്നും അവഗണനയിലാണ്. മല സെന്റര്‍ മുതല്‍ കക്കാട്ടിരി സെ ന്റര്‍ വരെയുള്ള ഭാഗമാണ് ഇപ്പോള്‍ തകര്‍ന്നു കിടക്കുന്നത്. നാലു വര്‍ഷം മുമ്പ് 20 ലക്ഷം രൂപ മുടക്കി റീ ടാറിങ് നടത്തിയ ഭാഗമാണ് ഇത്.
കഴിഞ്ഞ ബജററില്‍ 8 ലക്ഷം രൂപ അറ്റകുറ്റപണികള്‍ക്കായി നീക്കി വച്ചിട്ടുണ്ടെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. മല കക്കാട്ടിരി റോഡ്  വീതി കൂട്ടി പൂര്‍ണമായും റബറൈസ്ഡ് ചെയ്ത് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുകയും വെള്ളം ഒഴുകി പോവാന്‍ കോണ്‍ക്രീറ്റ്  ഓവുചാലുകള്‍ നിര്‍മിക്കുകയും ചെയ്യണമെന്നാണ് വര്‍ഷങ്ങളായി  നാട്ടുകാരുടെ ആവശ്യം.
ഇതിന് വേണ്ടി ബജറ്റില്‍ പ്രഖ്യാപിച്ച 10 കോടി കാലതാമസം കൂടാതെ അനുവദിച്ച് നല്‍കാന്‍ സര്‍ക്കാ ര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it