മല്‍സ്യ സംസ്‌കരണ ശാലയില്‍ അമോണിയം ചോര്‍ന്നു; ഒമ്പത് ജീവനക്കാര്‍ ആശുപത്രിയില്‍

മട്ടാഞ്ചേരി: കരുവേലിപ്പടിയിലെ മല്‍സ്യ സംസ്‌കരണ ശാലയില്‍ അമോണിയം ചോര്‍ന്നു. ഒമ്പത് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവേലിപ്പടി ബോയ്‌സ് ഹോമിന് സമീപം പ്രവര്‍ത്തിക്കുന്ന അശ്വിന്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് അമോണിയം ചോര്‍ന്നത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മലയാളികളായ ലക്ഷ്മി, സുധ അസം സ്വദേശിനികളായ രജീന, പിങ്കി, റിമി, കര്‍സീന, നിമ്മി, ഒറീസ സ്വദേശി മിത, കര്‍ണാടക സ്വദേശി തനു എന്നിവരെയാണ് ശാരീരിക അസ്വാസ്ഥത്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പച്ച ഇവരെ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
സുരക്ഷാ പരിശോധനയുടെ ഭാഗമായി അഞ്ച് ടണ്‍ അമോണിയം സംഭരിക്കാവുന്ന ടാങ്ക് തുറന്ന് നോക്കുന്നതിനിടെ വാല്‍വ് തകരാറായതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു. കമ്പനിയിലെ ജീവനക്കാര്‍ വിശ്രമിക്കുന്ന മുറിയുടെ സമീപത്താണ് ടാങ്ക് സ്ഥിതിചെയ്യുന്നത്. ചോര്‍ന്ന അമോണിയം ഈ മുറിയിലേക്കാണ് എത്തിയത്. അമോണിയം ശ്വസിച്ചതോടെ ബോധരഹിതരായ ജീവനക്കാരെ പോലിസും നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
മട്ടാഞ്ചേരിയില്‍നിന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ ജെ സുരേഷ് കുമാര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ ജെ തോമസ്, മനോജ് കുമാര്‍, ഷിജല്‍, സുനു, റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേന സംഘമാണ് അമോണിയം നിര്‍വീര്യമാക്കിയത്.
Next Story

RELATED STORIES

Share it