malappuram local

മല്‍സ്യ ഷെഡുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍

പൊന്നാനി: പൊന്നാനി ഫിഷിംങ് ഹാര്‍ബറിലെ മല്‍സ്യ ഷെഡുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. ഒരു മാസത്തിനകം ഷെഡുകളുടെ പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനിച്ചു. പൊന്നാനി ഫിഷിംങ് ഹാര്‍ബറില്‍ കരക്കടുപ്പിക്കുന്ന ബോട്ടുകളിലെയും, വള്ളങ്ങളിലെയും, മല്‍സ്യം സംഭരിക്കാനും, വിപണനം നടത്താനും ഹാര്‍ബര്‍ എഞ്ചിനീയറിംങ് വകുപ്പിന് കീഴിലാണ് 78 മല്‍സ്യ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. മൂന്ന് കോടിപതി മൂന്ന് ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഷെഡുകളുടെ അവസാന ഘട്ട നിര്‍മ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
വൈദ്യുതീകരണ പ്രവൃത്തികള്‍ മാത്രമാണ്  ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതിനു ശേഷം അലോട്ട്‌മെന്റ് എടുത്ത് ഷെഡുകള്‍ ആവശ്യക്കാര്‍ക്ക് കൈമാറാനാണ് തീരുമാനം. നിലവില്‍ പൊന്നാനി പോര്‍ട്ടിന്റെ സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ ചാപ്പകളിലാണ് മല്‍സ്യങ്ങള്‍ സൂക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കണക്കെടുപ്പില്‍ താല്ക്കാലിക ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ ഷെഡുകള്‍ നിര്‍മിച്ചത്.
എന്നാല്‍ നിലവില്‍ വള്ളങ്ങളും, ബോട്ടുകളും കരക്കടുപ്പിക്കുന്ന സ്ഥലത്ത് നിന്നും ഒഴിയാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിമുഖതയുണ്ട്. ഫിഷിംങ് ഹാര്‍ബറില്‍ ബോട്ടുകള്‍ കരക്കടുപ്പിക്കുന്നതിനുള്ള പ്രയാസമാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ കരക്കടുപ്പിക്കുന്നതില്‍ യാതൊരു പ്രയാസവുമില്ലെന്നാണ് ഹാര്‍ബര്‍ എഞ്ചിനീയറിംങ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എല്ലാവിധ സൗകര്യവുമുള്ള ഷെഡുകള്‍ ഉപയോഗപ്പെടുത്തുമ്പോഴും നിലവില്‍ ഷെഡുടമകള്‍ക്ക് നല്‍കേണ്ട പകുതി വാടക നല്‍കിയാല്‍ മതിയെന്നതാണ് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നത്.
Next Story

RELATED STORIES

Share it