Kollam Local

മല്‍സ്യ വ്യാപാരിയെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

കുളത്തൂപ്പുഴ: മല്‍സ്യവ്യാപാരിയെ പോലിസ് ലോക്കപ്പിലിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മടത്തറ വേങ്കൊല്ല ബ്ലോക്ക് നമ്പര്‍ 186ല്‍ ഷാജഹാനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.മല്‍സ്യ വ്യാപാരം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാജഹാനെ അരിപ്പ സ്‌കൂളിന് സമീപം വച്ച് പിന്തുടര്‍ന്നെത്തിയ കുളത്തൂപ്പുഴ പോലിസ് ജീപ്പ് ഓട്ടോറിക്ഷയെ ഇടിച്ച് വീഴ്ത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തലകീഴായ് റോഡില്‍ മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും ഷാജഹാനെ പിടികൂടി ഉടന്‍ സംഭവസ്ഥലത്ത് വച്ച് പോലിസ് മര്‍ദ്ദിച്ചിരുന്നു. അപകടത്തില്‍ ഭാഗികമായി തകര്‍ന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.  സംഭവമറിഞ്ഞെത്തിയ ബന്ധുക്കളുടെ ജാമ്യത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനിടയില്‍ സ്‌റ്റേഷനില്‍ വച്ച് പോലിസുകാരിലൊരാള്‍ ക്രൂരമായ് ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകായിരുന്നെന്ന് ഷാജഹാന്‍ പറയുന്നു. പോലിസ് ജീപ്പിന് തകരാര്‍ സംഭവിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാതിരിക്കാന്‍ അയ്യായിരം രൂപയും വാങ്ങിയാണ് വിട്ടയച്ചത്. കുളത്തൂപ്പുഴ പോലിസ് സ്‌റ്റേഷന്റെ അതിര്‍ത്തി ലംഘിച്ച്  ഏറെ അകലെ ചിതറ, പാലോട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശത്തായിരുന്നു കുളത്തൂപ്പുഴ പോലിസിന്റെ അതിക്രമം. വൃദ്ധയായ മാതാവും ഭാര്യയുടേയും കുട്ടികളുടേയും ഏകെ ആശ്രയമായ ഷാജഹാന് ഇപ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ് ഷാജഹാന്‍.
Next Story

RELATED STORIES

Share it