kasaragod local

മല്‍സ്യ മാര്‍ക്കറ്റ് കെട്ടിടത്തെക്കുറിച്ചുള്ള പരാതി: ഫിഷറീസ് സെക്രട്ടറിക്ക് കത്തയക്കാന്‍ തീരുമാനം

കാസര്‍കോട്: നഗരസഭയിലെ പുതുതായി പണിത മല്‍സ്യ മാര്‍ക്കറ്റ് കെട്ടിടത്തിനെക്കുറിച്ച് ഉയര്‍ന്നുവന്ന പരാതിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അടിയന്തിരമായി ഫിഷറീസ് സെക്രട്ടറിക്ക് കത്തയക്കാല്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മല്‍സ്യ മാര്‍ക്കറ്റ് അശാസ്ത്രീയമായി നിര്‍മിച്ചത് കാരണം മല്‍സ്യം വില്‍ക്കുന്നവരും വാങ്ങാനെത്തുന്നവരും ദുരിതത്തിലാണെന്ന് കാണിച്ച് ബിജെപിയുടെ 12 അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് അടിയന്തിര കൗണ്‍സില്‍ വിളിച്ചുചേര്‍ത്തത്. വൈകിട്ട് മൂന്നിന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറെ നേരം വാഗ്വാദം നടന്നു. തുടര്‍ന്നാണ് ഫിഷറീസ് സെക്രട്ടറിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്. നഗരസഭയുടെ സ്ഥലത്ത് എന്‍എഫ്‌സിബി ധനസഹായത്തോടെ നോഡല്‍ ഏജന്‍സിയായ സംസ്ഥാന കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന നിര്‍മിച്ച് നഗരസഭയെ ഏല്‍പ്പിച്ചതാണ് മാര്‍ക്കറ്റ് കെട്ടിടം. പൊളിച്ച് നീക്കാനോ അറ്റകുറ്റപണി നടത്താനോ നഗരസഭയ്ക്ക് ഇതില്‍ അധികാരമില്ല. മല്‍സ്യ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിജിലന്‍സിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുകയാണെന്നും ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം കൗണ്‍സിലിനെ അറിയിച്ചു. ബിജെപി അംഗം മനോഹരന്‍ കടപ്പുറമാണ് വിഷയം ഉന്നയിച്ചത്. കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അതിന്റെ കീഴിലുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഡിസൈനും പ്ലാനും പ്രകാരമാണ് മല്‍സ്യ മാര്‍ക്കറ്റ് പണിതത്. മലിനജല പ്ലാന്റിന്റെ പണി ഭാഗികമായാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്.മാര്‍ക്കറ്റ് കെട്ടിടത്തിന് വായുസഞ്ചാരത്തിനുള്ള ക്രമീകരണങ്ങളോ ശബ്ദമലിനീകരണം തടയുന്നതിനോ സംവിധാനം ഒരുക്കിയിട്ടില്ല. മലിനജലം ഭാഗികമായി ശുദ്ധീകരിച്ച് ശേഖരിക്കപ്പെടുന്ന ടാങ്കില്‍ നിന്നും ശരിയായ വിധത്തില്‍ ഒഴുക്കി കളയുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിലും നോഡല്‍ ഏജന്‍സി പരാജയമെന്നും അംഗങ്ങള്‍ ആരോപിച്ചു. മാര്‍ക്കറ്റിന്റെ പരിപാലനം നഗരസഭക്കാണ്. അതിനാല്‍ ദിവസം രണ്ട് തവണ ശുചീകരണ പ്രവര്‍ത്തനം നടത്തി വരികയാണ്. മാര്‍ക്കറ്റ് നഗരസഭ പണിതതെന്ന വാദമാണ് ബിജെപി അംഗങ്ങള്‍ കാണുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഇതിനെ വിപുലീകരിക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, റാഷിദ് പൂരണം, പി രമേശ്, സവിത ടീച്ചര്‍ സംസാരിച്ചു. ഫിഷറീസ് സെക്രട്ടറിക്ക് പുറമെ ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, കോഴിക്കോട് മേഖല ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കുമെന്ന് നഗരസഭാ സെക്രട്ടറി കെ പി വിനയന്‍ കൗണ്‍സിലിനെ അറിയിച്ചു.
Next Story

RELATED STORIES

Share it