kasaragod local

മല്‍സ്യ മാര്‍ക്കറ്റിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നോക്കുകുത്തി

കാസര്‍കോട്: പുതുതായി പണി കഴിപ്പിച്ച മല്‍സ്യ മാര്‍ക്കറ്റിലെ ഖരമാലിന്യ സംസകരണ പ്ലാന്റ് നോക്കുകുത്തി. 2015 ഡിസംബര്‍ ഒന്നിനാണ് തീരദേശ കോര്‍പ്പറേഷന്‍ പണിപുര്‍ത്തീകരിച്ച് നഗരസഭയ്ക്ക് കൈമാറിയത്. നഗരസഭയുടെ കൈവശമുള്ള തളങ്കര വില്ലേജിലെ നേരത്തേ മല്‍സ്യമാര്‍ക്കറ്റുണ്ടായ സ്ഥലമാണ് ഇതിനായി നല്‍കിയത്. 1.97 ഹെക്ടറില്‍ 279.79 ച.മീ വിസ്തീര്‍ണത്തില്‍ 2.5 കോടി രൂപ ചിലവിലാണ് കെട്ടിടം നിര്‍മിച്ചത്. ഹോള്‍ സെയില്‍ കം റീട്ടെയില്‍ ഫിഷ് മാര്‍ക്കറ്റ് എന്ന രീതിയിലാണ് കെട്ടിടം നിര്‍മിച്ചത്.
ദേശീയ മല്‍സ്യ വികസന ബോര്‍ഡിന്റെ സഹായത്തോടുകൂടി നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. കെട്ടിടം രൂപകല്‍പ്പന ചെയ്യുന്ന  ഘട്ടത്തിലോ നിര്‍മാണ ഘട്ടത്തിലോ ഒരു ഇടപെടലും നഗരസഭ നടത്തിയിരുന്നില്ല. ഇതിന്റെ കുറവുകളെല്ലാം ഈ കെട്ടിടത്തില്‍ കാണാനുണ്ട്. കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കി 2015 ഡിസംബര്‍ ഒന്നിന് നഗരസഭയ്ക്ക് കൈമാറിയെങ്കിലും പുതിയ കെട്ടിട നിര്‍മാണം തികച്ചും അശാസ്ത്രീയമായിരുന്നു.
കെട്ടിടത്തിന് ആവശ്യമായ ഉയരമോ, തുറസായ മുറികളോ, വായൂ സഞ്ചാരമോ, തറയില്‍ നീര്‍വാഴ്ചയോ ഇല്ല. കൂടാതെ ശബ്ദ മലിനീകരണം തടയാനുള്ള സംവിധാനമോ മലിനജലം ശുദ്ധീകരിച്ച് ഒഴുക്കി വിടാനുള്ള സംവിധാനമോ ഇവിടെയില്ല.
ആവശ്യമായ ശേഷിയുള്ള ഖരമാലിന്യ സംസ്‌കരണ ശുദ്ധീകരണ പ്ലാന്റ് പണി കഴിപ്പിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. കെട്ടിടം നഗരസഭയ്ക്ക് കൈമാറുന്ന ഘട്ടത്തിലും മാലിന്യ സംസ്‌കരണ പ്ലാന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലും പരിശോധിച്ചിരുന്നില്ല.
നിര്‍മാണത്തില്‍ അപാകതകളുണ്ടെന്നും ഇതിന്റെ നിര്‍മ്മാണ ഘട്ടത്തില്‍   രൂപകല്‍പന, നിര്‍മാണ പ്രവൃത്തി എന്നീ ഘട്ടങ്ങളില്‍  ഇടപെടാന്‍ തങ്ങളെ അനുവദിച്ചിട്ടില്ലെന്നുമാണ് നഗരസഭാ അധികൃതര്‍ വ്യക്തമാക്കുന്നത്.  അതുകൊണ്ടു തന്നെ മല്‍സ്യമാര്‍ക്കറ്റില്‍ മലിന ജലം ഓടകള്‍ നിറഞ്ഞ് കവിഞ്ഞ് ഭീതീജനകമായ അവസ്ഥയിലാണ്.  മല്‍സ്യമാര്‍ക്കറ്റിന് അകത്ത് കച്ചവടം നടത്തുന്നതിന് പകരം അതിലേക്കുള്ള വഴികളില്‍ തകൃതിയായി മല്‍സ്യ കച്ചവടം നടക്കുകയാണ്.
വൈദ്യുതിചാര്‍ജിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപ അടക്കുന്നുണ്ട്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ഖരമാലിന്യ സംസ്‌കരണ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.   രണ്ടര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മിച്ച കാസര്‍കോട് മല്‍സ്യമാര്‍ക്കറ്റ്  നിര്‍മാണത്തിലെ അശാസ്ത്രീയതയെ ചൊല്ലി തുടക്കത്തില്‍ തന്നെ കാസര്‍കോട് നഗരസഭയും പദ്ധതി നടപ്പിലാക്കിയ തീരദേശ വികസന കോര്‍പ്പറേഷനും ഉടക്കിയിരുന്നു.
നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭ മല്‍സ്യ മാര്‍ക്കറ്റിന്റെ ഫീസ് പിരിച്ചെടുക്കുന്നതിനുള്ള കുത്തവകാശം 2016-17 വര്‍ഷത്തേക്ക് ലേലം ചെയ്ത് ഏറ്റവും കൂടിയ തുകയായ 1,91,000 രൂപയ്ക്ക് നായന്‍മാര്‍മൂലയിലെ മുഹമ്മദ് ഷാഫിയാണ് ഏറ്റെടുത്തത്. ലേലം സംബന്ധിച്ച കരാര്‍ ഉടമ്പടിയില്‍  മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ വൈദ്യുതി ചാര്‍ജ് അടക്കല്‍ സംബന്ധിച്ച് വിവരം രേഖപ്പെടുത്തിയിട്ടില്ല. സാധാരണയായി കെട്ടിടം ലേലം ചെയ്താല്‍ ഇതിന്റെ വൈദ്യുതി വെള്ളക്കരം എന്നിവ ലേലം കൊണ്ടയാള്‍ വഹിക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ഇതുവരെയായി ലേലം കൊണ്ട കെട്ടിടത്തിന്റെ വൈദ്യുതി ബില്‍(കണ്‍സ്യൂമര്‍ നമ്പര്‍ 25259)  നഗരസഭയാണ് ഒടുക്കി വരുന്നത്.  ഈ തുക ലേലം കൊണ്ടയാളില്‍നിന്ന് പിരിച്ചെടുക്കുന്നില്ല. 2016-17 വര്‍ഷത്തെ ആദ്യ ആറു മാസ കാലയളവ് വൈദ്യുതി ഇനത്തില്‍ 56,502 രൂപ നഗരസഭ അടച്ചിട്ടുണ്ട്.
ഈ ചിലവ് പരിശോധിച്ചാല്‍  ഒരു വര്‍ഷത്തേക്ക് നഗരസഭ മല്‍സ്യ മാര്‍ക്കറ്റിന്റെ വൈദ്യുതി  ഇനത്തില്‍ ഏകദേശം 1,13,004 രൂപ ഒടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ലേലം ഒടുക്കിയാളും നഗരസഭയും തമ്മില്‍ വ്യക്തയില്ലാത്തതിനാല്‍ ഒരു ലക്ഷത്തില്‍ കൂടുതലാണ് നഗരസഭയ്ക്ക് അധിക നഷ്ടമുണ്ടാകുന്നതായി ബദിയടുക്ക ചെടേക്കാലിലെ മുഹമ്മദ് കുഞ്ഞിക്ക് നല്‍കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it