മല്‍സ്യ ബന്ധന മേഖല: ചൂഷണം ഒഴിവാക്കാന്‍ നടപടി-മന്ത്രി

തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നു മല്‍സ്യത്തൊഴിലാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഓഖി ദുരന്തത്തില്‍ തകര്‍ന്ന 64 ബോട്ടുകളില്‍ 43 എണ്ണത്തിന്റെയും ഉടമകള്‍ കടലില്‍ പോകാത്തവരാണ്. കരയില്‍ നിന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതെങ്ങനെയെന്നും മന്ത്രി ചോദിച്ചു.
100 കോടി ഫിഷറീസ് വകുപ്പിനെ കൊണ്ട് നബാര്‍ഡില്‍ നിന്നു വായ്പ എടുപ്പിക്കും. തൊഴിലാളി സംഘങ്ങള്‍ക്ക് വിതരണം ചെയ്യാനായി 500 യാനങ്ങള്‍ വാങ്ങാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നതാണ് സംസ്ഥാനത്തിന്റെ മല്‍സ്യസമ്പത്തില്‍ വലിയ കുറവ് വരാന്‍ കാരണം. 58 ഇനം ചെറുമീനുകളെ പിടിക്കുന്നത് ഇതിനകം നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചവരില്‍ നിന്ന് വലിയ പിഴ ഈടാക്കിവരുന്നുണ്ട്. ഇത്തരത്തില്‍ 1.14 കോടി ഈടാക്കി.
ഓഖി പാക്കേജുമായി ബന്ധപ്പെട്ട് 7340 േകാടിയുടെ പദ്ധതി സമര്‍പ്പിച്ചെങ്കിലും ഒരു രൂപ പോലും കേന്ദ്രം നല്‍കിയില്ല. പുനരുദ്ധാരണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ 2000 കോടിയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്.
അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നാവും പദ്ധതിയ്ക്കായുള്ള വായ്പ തരപ്പെടുത്തുക. ഇതിനുള്ള ഡിപിആര്‍ തയ്യാറാക്കാനായി 10 കോടി അനുവദിച്ചു. ദുരന്ത—ത്തിനിരയായ കുടുംബങ്ങളിലെ 274 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനായി പദ്ധതി തയ്യാറാക്കി.
കൊയിലാണ്ടി, തലായി, ചേറ്റുവ ഹാര്‍ബറുകള്‍ ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യും. വലിയതുറ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ക്കായി 192 വീടുകള്‍ പൂര്‍ത്തിയായി. 31 മല്‍സ്യ ഭവനുകള്‍ കൂടി ആരംഭിക്കും. മല്‍സ്യഫെഡിനു കീഴിലുള്ള 666 സഹകരണസംഘങ്ങളില്‍ 200 എണ്ണത്തില്‍ പെയഡ സെക്രട്ടറിമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it