ernakulam local

മല്‍സ്യ ക്ഷാമം രൂക്ഷം

വൈപ്പിന്‍: ഓഖി ചുഴലിക്കാറ്റിനെ തടര്‍ന്ന് മല്‍സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് പോകാതായതോടെ മല്‍സ്യ ക്ഷാമം രൂക്ഷമായി. ചെമ്മീന്‍ കെട്ടുകളുടെ സീസണിന്റെ തുടക്കമായതോടെ ചെമ്മീന്‍കെട്ടുകളില്‍ നിന്നുള്ള മല്‍സ്യവരവും കുറഞ്ഞതോടെ മല്‍സ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിപണിയിലെത്തുന്ന മല്‍സ്യത്തിനാകട്ടെ വന്‍വിലയാണ് നല്‍കേണ്ടി വരുന്നത്. കായല്‍ മല്‍സ്യങ്ങളുടെ ലഭ്യതയില്‍ വന്ന കുറവും ഈ മേഖലക്ക് ഇരുട്ടടിയായിരിക്കുകയാണ്. പ്രധാന ഹാര്‍ബറുകളിലെ ഭൂരിഭാഗം മല്‍സ്യബന്ധനയാനങ്ങളും കരയില്‍ വിശ്രമത്തിലാണ്. ചെറിയ വള്ളങ്ങളിലും, ചെറു ബോട്ടുകളിലും  തോണിയിലും  അധികം ദൂരേക്ക് പോകാതെ മല്‍സ്യ ബന്ധനത്തിന് പോകുന്നവര്‍ക്ക് ലഭിക്കുന്ന മല്‍സ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രാദേശിക വിപണിയിലെത്തുന്നത്. ചുഴലിക്കാറ്റടിക്കുന്നതിനു മുമ്പ് തരക്കേടില്ലാത്ത രീതിയില്‍ ബോട്ടുകള്‍ക്ക് കൂന്തലും കണവയും, വള്ളങ്ങള്‍ക്ക് ചാളയും,അയലയും ലഭിച്ചിരുന്നു. ദിവസവും പോയിവരുന്നവര്‍ക്ക് ചാളമാത്രമാണ് ലഭിക്കുന്നത് മറ്റു മല്‍സ്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ വിപണിയിലെത്തുന്ന ചാളയുടെ വില നൂറു രൂപക്ക് മുകളിലാണ്. മുമ്പ് മല്‍സ്യ ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയില്‍ മംഗലാപുരം, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്ന മല്‍സ്യമാണ് വിപണിയില്‍ സുലഭമായിരുന്നത.് ആഴ്ചകളോളം പഴക്കമുള്ള മീനായിരിക്കുമിതെങ്കിലും ഇപ്പോള്‍ ഇതുപോലും ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇതുകൊണ്ടുതന്നെ പ്രദേശികവിപണിയിലെ മീന്‍ സ്റ്റാളുകളെല്ലാം ഇപ്പോള്‍ തുറക്കാത്ത സ്ഥിയിലാണുള്ളത്. ചുഴലിക്കാറ്റിനു ശേഷം കായലിലും മല്‍സ്യ ലഭ്യത കുറഞ്ഞിരിക്കുകയാണെന്നണെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. കരിമീന്‍, തിലോപ്പിയ, ചെമ്മീന്‍, കണമ്പ് തുടങ്ങിയ മല്‍സ്യ ഇനങ്ങള്‍ തീരെ കിട്ടാത്ത സ്ഥിതിയാണുള്ളത്. കൂരിമാത്രമാണ് ഇപ്പോള്‍ പ്രാധാനമായും ലഭിക്കുന്നത്. ഞണ്ട്, ചെമ്മീന്‍ എന്നിവയും വളരെ കുറച്ചു മാത്രമാണ് ലഭിക്കുന്നത്. കായലുകളില്‍ പായല്‍ അടിഞ്ഞുകൂടിയതും മല്‍സ്യ ബന്ധനത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ചില്ലറ വില്‍പ്പനക്കാര്‍ വൈപ്പിനിലെ മുരുക്കുംപാടം മുനമ്പം എന്നീ ഹാര്‍ബറുകളില്‍ നിന്നാണ് മല്‍സ്യമെടുത്തിരുന്നത്. ഇതോടെ ജില്ലയുടെ പലഭാഗത്തും മല്‍സ്യം കിട്ടാത്ത സ്ഥിതിയാണുള്ളത്. പച്ചമല്‍സ്യം കിട്ടാതായതോടെ ഉണക്കി സൂക്ഷിച്ചിരുന്ന മല്‍സ്യത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുണ്ട. ചെമ്മീനു പുറമെ കോര, നങ്ക്, സ്രാവ്, നന്തന്‍ തുടങ്ങിയ ഉണക്കമീനുകളാണ് ഇപ്പോള്‍ കൂടുതലും വിറ്റുപോകുന്നത്.
Next Story

RELATED STORIES

Share it