Flash News

മല്‍സ്യസമ്പത്ത് സംരക്ഷിക്കാന്‍ നിയമഭേദഗതി കൊണ്ടുവരും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ



തിരുവനന്തപുരം: മല്‍സ്യസമ്പത്തിന്റെയും തൊഴിലാളികളുടെയും സംരക്ഷണത്തിന് ചില നിയന്ത്രണങ്ങളും നിയമഭേദഗതികളും കൊണ്ടുവരുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മല്‍സ്യതൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി മല്‍സ്യലഭ്യതയെ ആശ്രയിച്ചാണ്. മല്‍സ്യലഭ്യതയില്‍ 13 ശതമാനത്തിന്റെ കുറവാണ് നേരിടുന്നത്. കടലിലെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും മ ല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യബോധത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിനായി ചില നിയന്ത്രണങ്ങളും നിയമങ്ങളില്‍ ഭേദഗതികളും കൊണ്ടുവരും. 14 ഇനം മല്‍സ്യങ്ങളെ പിടിക്കുന്നതിന് നിരോധനമുണ്ട്. ഇതുകൂടാതെ ചെറുമല്‍സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 44 ഇനങ്ങളെ പിടികൂടുന്നതിനും നിരോധനം കൊണ്ടുവരും. ആഭ്യന്തര മല്‍സ്യഉല്‍പാദനത്തി ല്‍ ഉള്‍നാടന്‍ ജലാശയങ്ങള്‍ക്കു വലിയ പങ്കുണ്ട്. 64873 ഏക്കര്‍ പാടശേഖരമാണ് മല്‍സ്യവളര്‍ത്തലിന് അനുയോജ്യമായുള്ളത്. ഇതില്‍ 6000 ഏക്കറില്‍ മാത്രമാണ് മല്‍സ്യകൃഷി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മല്‍സ്യതൊഴിലാളികളുടെ ജീവിതസാഹചര്യം വളരെ മോശമാണ്. 12851 തൊഴിലാളികള്‍ ഭവനരഹിതരാണ്. എല്ലാവര്‍ഷവും ആറുമാസം തുടര്‍ച്ചയായി കടല്‍ക്ഷോഭം നേരിടുന്നതിനാല്‍ 24850 കുടുംബങ്ങളെ 50 മീറ്ററിനു പുറത്തേക്ക് മാറ്റി പുനരധിവസിപ്പിക്കുകയാണ് പരിഹാരം. ഇപ്രകാരം 37304 കുടുംബങ്ങള്‍ക്ക് പുതുതായി വീടുനല്‍കണം. 3149 വീടുകള്‍ പണിതതിനൊപ്പം 8 വീടുകള്‍ ഉള്‍പ്പെടുന്ന 24 ഫഌറ്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. മല്‍സ്യതൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മുന്തിയ പരിഗണന നല്‍കുന്നുണ്ട്. ആഴക്കടലില്‍ പ്രമാണിമാര്‍ക്ക് മല്‍സ്യബന്ധനത്തിന് അവസരമൊരുക്കുന്നതാണ് കേന്ദ്രത്തിന്റെ മല്‍സ്യബന്ധന നയമെന്നും ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it