palakkad local

മല്‍സ്യവിപണന രംഗത്ത് ദീപസ്തംഭമായി ഹംസ ഹാജി

എം വി വീരാവുണ്ണി

പട്ടാമ്പി:  മല്‍സ്യ വിപണനരംഗത്ത് തന്റെ 90ാം വയസ്സിലും സജീവ സാന്നിധ്യമാവുകയാണ് കൊടക്കാടന്‍ ഹംസ ഹാജി. പന്ത്രണ്ടാം വയസ്സില്‍ താനൂര്‍, പരപ്പനങ്ങാടി, കടലുണ്ടി പ്രദേശങ്ങളില്‍ നിന്ന് ട്രെയിന്‍ ഗതാഗതം വഴി മല്‍സ്യം പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച് തല ചുമടായി പട്ടാമ്പി അങ്ങാടിയില്‍ കൊണ്ടുവന്ന് വിപണനം നടത്തിയിരുന്ന ഹംസ ഹാജി അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ മല്‍സ്യമെത്തിക്കുന്ന വര്‍ത്തമാനകാലത്തും പുതു തലമുറയ്ക്ക് മാതൃകയായി മല്‍സ്യവിപണന രംഗത്ത് സജീവമായി നിലകൊള്ളുകയാണ് . സ്വാതന്ത്രസമരം മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന 1942 കാലഘട്ടത്തിലാണ് മല്‍സ്യ കച്ചവട രംഗത്തേക്ക് സജീവമായി എത്തുന്നത്. മുക്കാല്‍ അണക്കും, ഒരണക്കും  മീന്‍  വിറ്റിരുന്ന  കാലത്ത് പട്ടാമ്പി അങ്ങാടിയിലെ റെയില്‍വേ കമാനത്തിന് പരിസരം കേന്ദ്രീകരിച്ചായിരുന്നു കച്ചവടം നടന്നിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തു പറയുന്നു. പിന്നിട് ആശുപത്രി റോഡിലുള്ള പഴയ മാര്‍ക്കറ്റിലേക്കും ഇപ്പോള്‍ പെരിന്തല്‍മണ്ണ റോഡിലുള്ള അത്യാധുനിക സംവിധാനത്തോടെ നഗരസഭ നിര്‍മിച്ച പുതിയ മാര്‍ക്കറ്റിലെത്തിയപ്പോഴും 90കാരനായ കൊടക്കാടന്‍ ഹംസ ഹാജി മല്‍സ്യ വിപണന രംഗത്ത് നിറസാന്നിധ്യമാണ്. പഞ്ചായത്തും നഗരസഭകളുമൊന്നുമില്ലാത്ത കാലത്ത് പട്ടാമ്പി പ്രദേശത്തെ നാട്ടുപ്രശ്‌നങ്ങള്‍ക്ക് പഞ്ചായത്ത് കല്‍പ്പിച്ചിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയും, പട്ടാമ്പിയിലെ പ്രമുഖനായിരുന്ന കെ പി തങ്ങള്‍, അച്ചുതമേനോന്‍ തുടങ്ങിയവരും സ്വാതന്ത്രസമര കാലത്ത് നേതൃത്വം നല്‍കിയിരുന്ന സമര നേതാക്കളെയും, ഇഎംഎസ്, ഇ പി ഗോപാലന്‍, സി എച്ച് മുഹമ്മദ് കോയ തുടങ്ങിയ രാഷ്ട്രിയ നേതാക്കന്മാരായുമൊക്കെ അടുത്ത് കണ്ട ഹംസ ഹാജി തന്റെയൊപ്പം കച്ചവടത്തിലുണ്ടായിരുന്ന പാലത്തിങ്ങല്‍ അലവി, പൊന്നതാഴത്ത് മമ്മിക്കുട്ടി തുടങ്ങിയ പലരും കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞു പോയതും  ഇന്നലെ നടന്നത് പോലെ ഓര്‍ക്കുകയാണ്. ദാരിദ്ര്യം നിറഞ്ഞ പഴയ കാലത്തിന്റെ ചരിത്രം ഒഴിവ് സമയങ്ങളില്‍  തന്റെ തൊഴിലാളികളായ പുതുതലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതും പ്രഭാതങ്ങളില്‍ മാര്‍ക്കറ്റിലെത്തുന്നവരുടെ കാഴ്ചകളാണ്. ഇന്ന് പട്ടാമ്പി മാര്‍ക്കറ്റിലെ മല്‍സ്യ ഏജന്റുമാരില്‍ പ്രമുഖനാണ് കൊടക്കാടന്‍ ഹംസ ഹാജി തന്റെ കീഴിലുള്ള മുപ്പതിലധികം വരുന്ന തൊഴിലാളികള്‍ക്ക് വേണ്ട  മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി നിത്യവും പ്രഭാതത്തില്‍  90ന്റെ നിറവിലും കാര്യമായ വാര്‍ധക്യത്തിന്റെ അവശതകളില്ലാതെ  മകന്‍ കബീറിനും തൊഴിലാളികള്‍ക്കുമൊപ്പം സജീവമാകുന്നത് നാട്ടുകാരുടെ നിത്യ കാഴ്ച്ചകളിലൊന്നാണ്.
Next Story

RELATED STORIES

Share it