kannur local

മല്‍സ്യവിപണനം സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ നടപടിയില്ല

കണ്ണൂര്‍: ആറുവര്‍ഷം മുമ്പ് ആറാട്ട് റോഡിലേക്കു മാറ്റിയ നഗരത്തിലെ പ്രധാനപ്പെട്ട മല്‍സ്യവിപണന കേന്ദ്രം കാംബസാര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പുനസ്ഥാപിക്കാന്‍ നടപടിയില്ല. കണ്ണൂര്‍ നഗരസഭയായിരുന്ന കാലത്ത് തുടങ്ങിവച്ച സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രവൃത്തി അനന്തമായി നീളവെ കടുത്ത ദുരിതത്തിലാണ് മല്‍സ്യവില്‍പന തൊഴിലാളികള്‍. കോര്‍പറേഷന്‍ നിലവില്‍ വന്നിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും മാര്‍ക്കറ്റ് യാഥാര്‍ഥ്യമാക്കാന്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. നേരത്തെ താല്‍ക്കാലിക സംവിധാനമൊരുക്കിയാണ് മല്‍സ്യവില്‍പനക്കാരെ ആറാട്ട് റോഡിലേക്കു മാറ്റിയത്. അത്യാധുനിക സൗകര്യങ്ങളോടെ വീണ്ടും സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് തന്നെ തിരിച്ചെടുക്കാമെന്ന ഉറപ്പില്‍ അന്നു ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി. എന്നാല്‍ സ്ഥലം മാറിയതോടെ കച്ചവടം കുറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു. ജനങ്ങള്‍ എത്തിപ്പെടാത്ത സ്ഥലമായതിനാല്‍ സാമ്പത്തികമായി കഷ്ടത അനുഭവിക്കുകയാണ് ഇവര്‍. വാടകയിനത്തില്‍ രണ്ടുലക്ഷത്തി പതിനായിരം രൂപയാണ് ഒരുവര്‍ഷത്തേക്ക് ഈടാക്കുന്നത്. കൂടാതെ, തൊഴില്‍ നികുതിയിനത്തിലും ലൈസന്‍സ് ഫീസ് ഇനത്തിലും പണം വേറെ നല്‍കണം. 2015ല്‍ ആരംഭിച്ച ആയിക്കര മല്‍സ്യമാര്‍ക്കറ്റ് പണിപൂര്‍ത്തീകരിച്ച് തുറന്നുനല്‍കിയിരുന്നു. എന്നാല്‍ സെ ന്‍ട്രല്‍ മാര്‍ക്കറ്റിന്റെ കാര്യത്തി ല്‍ തീരുമാനമായില്ല. ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കോര്‍പറേഷന്‍ അധികൃതരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും നടപടികള്‍ നീളുകയാണ്. ലേലം ചെയ്യാതെ ഒരുവര്‍ഷത്തേക്ക്് ന്യായമായ വാടക നിശ്ചയിച്ച് മല്‍സ്യ മാര്‍ക്കറ്റ് കമ്മിറ്റിക്ക് നടത്തിപ്പിനു നല്‍കണമെന്ന് സ്വതന്ത്ര മല്‍സ്യവില്‍പന തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it