malappuram local

മല്‍സ്യലഭ്യതയില്‍ വന്‍ കുറവ്; തീരദേശം കടുത്ത ക്ഷാമത്തിലേക്ക്

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: തീരക്കടലിലും ഉള്‍ക്കടലിലും മല്‍സ്യലഭ്യതയില്‍ കുറവ്. കഴിഞ്ഞ ആറ് മാസമായി മല്‍സ്യക്ഷാമം തുടരുന്നതിനാല്‍ പലരും ബോട്ടുകള്‍ വിറ്റുതുടങ്ങി. പട്ടിണി മാറ്റാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധനം കഴിഞ്ഞതിനു ശേഷം അപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് നഷ്ടം വരാത്ത രീതിയില്‍ മല്‍സ്യം ലഭിച്ചതെന്ന് ബോട്ടുടമകള്‍ പറയുന്നു. സംസ്ഥനത്തെ പല ഹാര്‍ബറുകളിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ആറ് മാസത്തിനിടയില്‍ നിരവധി ബോട്ടുകളാണ് വിറ്റത്. പൊന്നാനിയില്‍ മാത്രം പത്ത് ബോട്ടുകള്‍ വിറ്റു. പലരും കടലില്‍ പോക്ക് നിര്‍ത്തിയിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ മല്‍സ്യങ്ങള്‍ ലഭിച്ചിരുന്ന സീസണാണിത്. സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ മല്‍സ്യങ്ങള്‍ എത്തുന്നത് പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നാണ്. സമീപകാലത്തൊന്നും അനുഭവപ്പെടാത്ത കടുത്ത മല്‍സ്യക്ഷാമമാണ് തീരക്കടലില്‍ നേരിടുന്നത്. കഴിഞ്ഞ ആറ് മാസങ്ങളായി മല്‍സ്യത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞതുമൂലം പൊന്നാനി, ബേപ്പൂര്‍, ചേറ്റുവ തുറമുഖങ്ങളില്‍ നിന്നുള്ള പകുതിയിലധികം ബോട്ടുകളും കടലിലിറങ്ങിയിട്ടില്ല. മല്‍സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകള്‍ക്ക് ഇഡനച്ചെലവിന്റെ പകുതി പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. വലിയ ബോട്ടുകള്‍ക്ക് ഒരു ദിവസം കടലില്‍ പോയി വരാന്‍ 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ചെലവ്. കുറഞ്ഞത് 7 തൊഴിലാളികളും വേണം.എന്നാല്‍, ഇവര്‍ക്ക് കിട്ടുന്നതാവട്ടെ പതിനായിരത്തില്‍ താഴെ രൂപയുടെ മീനുകളും.
ചെറു ബോട്ടുകള്‍ക്ക് ഒരു ദിവസം നാലായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ചിലവ് വരുന്നത്. ഇവര്‍ക്ക് കിട്ടുന്നതും കുറഞ്ഞ തുകയ്ക്കുള്ള മല്‍സ്യമാണ്. നിലവിലെ സാഹചര്യത്തില്‍ മലയാളികളെ കടലില്‍ പോവാന്‍ കിട്ടുന്നില്ല. ബംഗാളികളാണ് ഇപ്പോള്‍ കടലില്‍ പോവുന്നത്. അതേസമയം, ആഴക്കടലില്‍ വിദേശ ട്രോളറുകള്‍ നടത്തുന്ന അനിയന്ത്രിത മല്‍സ്യ ബന്ധനം തീരക്കടലിലെ മല്‍സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബോട്ടുടമകളും മല്‍സ്യത്തൊഴിലാളികളും കുറ്റപ്പെടുത്തുന്നു.
ഈ സീസണില്‍ കൂടുതലായി ലഭിക്കുന്ന പൂവാലന്‍, നാരന്‍, കരിക്കാലി ഇനത്തില്‍ പെട്ട ചെമ്മീനുകള്‍ പൂര്‍ണമായും അപ്രത്യക്ഷ്യമായ നിലയിലാണ്. വലിയ ഇനം മല്‍സ്യങ്ങളായ അയക്കൂറ, ആവോലി, നെടുക, കോലി എന്നിവ ഇടത്തരം ബോട്ടുകാരുടെ വലയില്‍ കുടുങ്ങിയിട്ട് കാലങ്ങളായി.
സംസ്ഥാനത്തിന്റെ തീരദേശത്ത് നിന്ന് ഇത്തരം മല്‍സ്യങ്ങള്‍ വംശനാശം നേരിട്ട സ്ഥിതിയാണെന്നും തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it