Flash News

മല്‍സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്യക്ഷമമല്ലെന്ന് പഠനം



കൊച്ചി: രാജ്യത്തെ മല്‍സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്യക്ഷമമല്ലെന്നു പഠനം. മല്‍സ്യത്തൊഴിലാളികളും മല്‍സ്യകര്‍ഷകരും അനുഭവിക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ  (സിഎംഎഫ്ആര്‍ഐ) പുതിയ പഠന റിപോര്‍ട്ട്. മറ്റു കാര്‍ഷികമേഖലകളെ അപേക്ഷിച്ച് മല്‍സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ കുറവാണെന്നാണു പഠനം. കടലില്‍ മീന്‍പിടിക്കുന്നവര്‍ക്കുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമാണ് ഈ മേഖലയില്‍ പ്രചാരത്തിലുള്ളത്. എന്നാല്‍, മീന്‍പിടിത്ത ബോട്ടുകള്‍ക്കും ഉപകരണങ്ങ ള്‍ക്കുമുള്ള കേടുപാട്, തീരദേശ ജംഗമവസ്തുക്കള്‍ക്കു സംഭവിക്കുന്ന നാശനഷ്ടം തുടങ്ങിയവയ്ക്ക് കേരളത്തിലുള്‍പ്പെടെ വളരെ പരിമിതമായ അളവില്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിലവിലുള്ളത്. മല്‍സ്യങ്ങള്‍ വന്‍തോതില്‍ ഇല്ലാതാവുന്നതുകൊണ്ടുള്ള നഷ്ടം, കടലില്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കുന്ന കൂടുകള്‍ക്കു സംഭവിക്കുന്ന കേടുപാട്, മല്‍സ്യകൃഷിയില്‍ സംഭവിക്കുന്ന നഷ്ടം എന്നിവയ്ക്ക് രാജ്യത്തെവിടെയും ഇന്‍ഷുറന്‍സ് സംരക്ഷണം ഇല്ലെന്നു പഠനം വ്യക്തമാക്കുന്നു. സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക-സാമ്പത്തിക അവലോകനവിഭാഗം ശാസ്ത്രജ്ഞനായ ഡോ. ഷിനോജ് പാറപ്പുറത്താണ് പഠനത്തിനു നേതൃത്വം നല്‍കിയത്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 14 മീന്‍പിടിത്ത കേന്ദ്രങ്ങളിലും കേരളത്തിലെയും തമിഴ്‌നാട്ടിലെയും മല്‍സ്യകര്‍ഷകര്‍ക്കിടയിലുമാണ് സിഎംഎഫ്ആര്‍ഐ പഠനം നടത്തിയത്.  മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. എന്നാല്‍, വ്യക്തിഗത ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ കേരളത്തില്‍ നിന്ന് സര്‍വേയില്‍ പങ്കാളികളായ 80 ശതമാനം പേരും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകതയെക്കുറിച്ച് മല്‍സ്യമേഖലയില്‍ നിലനില്‍ക്കുന്ന അജ്ഞതയാണ് ഇത്തരമൊരവസ്ഥയ്ക്കു കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചും കാലാവസ്ഥാ പഠനത്തിലധിഷ്ഠിതമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കിയും മല്‍സ്യമേഖലയില്‍ ഇന്‍ഷുറന്‍സിന് കൂടുതല്‍ പ്രചാരം നേടാമെന്നാണു പഠനം നിര്‍ദേശിക്കുന്നത്.
Next Story

RELATED STORIES

Share it