wayanad local

മല്‍സ്യമാര്‍ക്കറ്റ് പൊളിച്ചതില്‍ ക്രമക്കേടെന്ന് ആക്ഷേപം

മാനന്തവാടി: മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള മല്‍സ്യമാര്‍ക്കറ്റിന്റെ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നത്. കെട്ടിടം പൊളിക്കുന്നതു സംബന്ധിച്ച് മുനിസിപ്പാലിറ്റി ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ ക്വട്ടേഷന്‍ വിളിക്കുകയോ ചെയ്യാതെ നിസ്സാര വിലയ്ക്ക് കരാര്‍ നല്‍കിയതായാണ് ആരോപണം. പഴയ കെട്ടിടത്തിന് ലക്ഷങ്ങള്‍ ലഭിക്കുമെന്നിരിക്കെ, 55,000 രൂപയ്ക്കാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ കരാര്‍ നല്‍കിയത്. ഇരുമ്പ് ഷട്ടറുകളുള്ള പത്തോളം മുറികളുള്ളതും ഇഷ്ടികയും ഓടും കൊണ്ട് നിര്‍മിച്ച, ലക്ഷങ്ങള്‍ മുനിസിപ്പാലിറ്റിക്ക് ലഭിക്കുമായിരുന്ന കെട്ടിടമാണ് കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ നല്‍കിയത്.
ജനുവരി 12ന് പുതിയ മല്‍സ്യമാര്‍ക്കറ്റ് നിര്‍മിക്കാന്‍ 60,91,514 രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കുകയും 20നു നിലവിലുള്ള മാര്‍ക്കറ്റ് പൊളിച്ചുമാറ്റാന്‍ ക്വട്ടേഷന്‍ നല്‍കുകയും ചെയ്തു. ഭരണസമിതിയില്‍ പോലും ചര്‍ച്ച ചെയ്യാതെ മാര്‍ക്കറ്റ് പൊളിച്ചുമാറ്റാന്‍ അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്നു കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it