wayanad local

മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ സാമൂഹികവിരുദ്ധ ശല്യം

സുല്‍ത്താന്‍ ബത്തേരി: ചുങ്കം ബസ്‌സ്റ്റാന്റിനോട് ചേര്‍ന്നുള്ള മല്‍സ്യമാര്‍ക്കറ്റ് കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായി. 2015ല്‍ ഉദ്ഘാടനം ചെയ്ത അത്യാധുനിക മാര്‍ക്കറ്റ് കെട്ടിടം രണ്ടര വര്‍ഷമായിട്ടും തുറന്നുകൊടുക്കാന്‍ നടപടിയില്ല.
ഫിഷറീസ് വകുപ്പിന്റെ രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. തുടര്‍ന്ന് യുഡിഎഫ് ഭരണകാലത്ത് ഉദ്ഘാടനം ചെയ്തു.
എന്നാല്‍, കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഭരണം മാറുകയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്നു ഭരണത്തിലെത്തിയ എല്‍ഡിഎഫ് ഭരണസമിതി ഇതുവരെ മാര്‍ക്ക്റ്റ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുത്തില്ല. ഇതിനിടെ വൈദ്യുതി എത്തിക്കുന്നതിനായി പിന്നെയും ലക്ഷങ്ങള്‍ ചെലവഴിച്ചു.
ഇതോടെ മാര്‍ക്കറ്റിനായി ചെലവഴിച്ച തുക മൂന്നുകോടി പിന്നിട്ടു. വൈദ്യുതി എത്തിയെങ്കിലും വെള്ളത്തിന്റെ ലഭ്യതക്കുറവ് മാര്‍ക്കറ്റ് തുറക്കുന്നതിന് തടസ്സമായി. അടഞ്ഞുകിടക്കുന്ന മാര്‍ക്കറ്റ് കെട്ടിടം അപ്പോഴേക്കും സാമൂഹികവിരുദ്ധര്‍ കൈയടക്കി. കെട്ടിടത്തിലെ വയറിങുകള്‍ കേടാക്കിയും ശൗച്യാലയം നശിപ്പിച്ചും കേന്ദ്രം രാപ്പകല്‍ വ്യത്യാസമില്ലാതെ മദ്യപരടക്കമുള്ളവര്‍ കൈയടക്കി.
എത്രയും പെട്ടെന്നു സൗകര്യങ്ങള്‍ ഒരുക്കി മാര്‍ക്കറ്റ് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it