മല്‍സ്യബന്ധന ബോട്ട് സമരം നാളെ മുതല്‍

കൊല്ലം: സംസ്ഥാനത്തെ 3,800 മല്‍സ്യബന്ധന ബോട്ടുകള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ധനവില കുറച്ച്് മല്‍സ്യബന്ധന മേഖലയെ സംരക്ഷിക്കുക, 58 ഇനം മല്‍സ്യങ്ങളുടെ മിനിമം ലീഗല്‍ സെസ്സ് നടപ്പാക്കുന്നതില്‍ കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങി ഏഴിന ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ചെറുമീന്‍ പിടിക്കുന്നുവെന്ന പേരില്‍ ബോട്ടുകളില്‍ നിന്ന് ഭീമമായ പിഴയാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ പഠനം നടത്തിയ സിഎംഎഫ്ആര്‍ഐ ശുപാര്‍ശ ചെയ്തത്, പിടിച്ചുകൊണ്ടുവരുന്ന മല്‍സ്യത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ചെറിയ മല്‍സ്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പിഴയോ നടപടികളോ ബാധകമാക്കാവൂ എന്നായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതു നിയമമാക്കിയപ്പോള്‍ ചെറുമീനിന്റെ സാന്നിധ്യമെന്നാക്കിയത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി മാറി. ഇക്കാര്യത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കേരള മറൈന്‍ ഫിഷിങ് റഗുലേഷന്‍ ആക്റ്റ് ഭേദഗതി കാലഘട്ടത്തിന് അനുസരിച്ചല്ല നടപ്പാക്കിയിരിക്കുന്നത്. പ്രാദേശിക-ജില്ലാതല കൗണ്‍സിലുകള്‍ക്കു രൂപം നല്‍കുമെന്ന നിര്‍ദേശം കാലഹരണപ്പെട്ടതാണ്.അസോസിയേഷന്‍ രക്ഷാധികാരി ചാര്‍ളി ജോസഫ്, ജോസഫ് ജോസഫ്, അല്‍ഫോണ്‍സ് ഫിലിപ്പ്, നെയ്ത്തില്‍ വിന്‍സെന്റ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it