thrissur local

മല്‍സ്യബന്ധന ബോട്ടുകള്‍ തീരമണഞ്ഞു; ട്രോളിങ് നിരോധനം ഇന്നുമുതല്‍

ചാവക്കാട്: കാലവര്‍ഷക്കെടുതിയുടെ പിടിയിലമര്‍ന്ന കടലോരത്ത് വറുതിയുടെ നിഴല്‍ വീഴ്ത്തി വീണ്ടും ട്രോളിങ് നിരോധനം. ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നടപ്പാവും. മല്‍സ്യ ക്ഷാമവും, കാലവര്‍ഷവും മൂലം ഗതികേടിലായ മല്‍സ്യ തൊഴിലാളികളെ ട്രോളിങ് നിരോധനം കൂടുതല്‍ ദുരിതത്തിലാക്കും.
കടപ്പുറം മുനക്കകടവ് ഹാര്‍ബറുകളില്‍ മല്‍സ്യ ബന്ധന മേഖല കേന്ദ്രീകരിച്ച് നൂറുകണക്കിന് യന്ത്രവല്‍കൃത ബോട്ടുകളാണുള്ളത്. ചാവക്കാട് കടപ്പുറം മുനക്കക്കടവ് ഫിഷ്‌ലാന്‍ഡിങ് സെന്ററിലെ നൂറോളം ബോട്ടുകളാണ് തെങ്ങിന്‍ തോപ്പുകളില്‍ വിശ്രമിക്കുന്നത്. അമ്പതോളം വലിയ ബോട്ടുകള്‍ ചേറ്റുവ പുഴയില്‍ നങ്കൂരമിട്ടു. ട്രോളിങ് നിരോധനം കഴിഞ്ഞാലാണ് ഇനി ബോട്ടുകള്‍ കടലിലിറങ്ങുക. ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയും വലയും ഉപകരണങ്ങളും പ്രത്യേകം തയാറാക്കിയുമാണ് ട്രോളിങ് നിരോധനത്തിനു ശേഷം മല്‍സ്യബന്ധനത്തിനിറങ്ങുക. ബോട്ടുകള്‍ കരയ്ക്ക് കയറ്റിയതോടെ കടപ്പുറം മുനക്കക്കടവ് ഫിഷ്‌ലാന്‍ഡിങ് സെന്ററില്‍ നൂറുകണക്കിന് മല്‍സ്യത്തൊഴിലാളികള്‍ക്കാണ് തൊഴില്‍ ഇല്ലാതായത്. മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവര്‍ ജോലിക്കായി പോകും.
കഴിഞ്ഞ സീസണില്‍ ഭേദപ്പെട്ട രീതിയില്‍ മത്സ്യം ലഭിച്ചതായി തൊഴിലാളികള്‍ പറയുന്നു. വലിയ ബോട്ടില്‍ പന്ത്രണ്ടും, ചെറിയ ബോട്ടില്‍ ആറും തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഈ ബോട്ടുകള്‍ കരയിലായതോടെ ആയിര കണക്കിന് തൊഴിലാളികള്‍ക്ക് പണിയില്ലാതായിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി മല്‍സ്യക്ഷാമം മൂലം കഷ്ടത്തിലായ തൊഴിലാളികള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് നേരിയ തോതില്‍ ചെമ്മീന്‍ ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it