മല്‍സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്‌

വൈപ്പിന്‍: കൊച്ചിയില്‍ മല്‍സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പള്ളിപ്പുറം പുതുശ്ശേരി ജോസി (59), പറവൂര്‍ തത്തപ്പിള്ളി പ്ലാസന്‍പറമ്പില്‍ അശോകന്‍ (52) എന്നിവര്‍ക്കാണു പരിക്കേറ്റത്. അപകടത്തി ല്‍ ബോട്ടിന് കേടുപാട് പറ്റി. രണ്ടു വലകള്‍ കടലില്‍ നഷ്ടമായി. അപകടമുണ്ടാക്കിയത് വിദേശ കപ്പലാണെന്ന് സംശയിക്കുന്നുവെന്നും കപ്പല്‍ നിര്‍ത്താതെ പോയതായും തൊഴിലാളികള്‍ പറഞ്ഞു.
മുനമ്പത്തുനിന്ന് രണ്ടുദിവസം മുമ്പ് മല്‍സ്യബന്ധനത്തിനു പോയ മുനമ്പം പള്ളിപ്പുറം ആലിശ്ശേരി എ ജെ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള നോഹ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ബോട്ട് രാത്രി നങ്കൂരമിട്ടിരിക്കുകയായിരുന്നു. മാലി-കില്‍-ഡിബ്ലൂ-എജെ എച്ച് ഹാര്‍ബര്‍ (ഐഎംഒ 90075 70) എന്ന കപ്പലാണ് ഇടിച്ചത്. കപ്പലിടിച്ചതോടെ നങ്കൂരം മുറിച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി.
കൊച്ചി അഴിമുഖത്തിന് 27 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ബോട്ട്. 10 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടില്‍ തലയിടിച്ചാണ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. ഇവരെ അയ്യമ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിന് കേടുപറ്റാതിരുന്നതിനാല്‍ ബോട്ട് ഓടിച്ച് രാവിലെ ആറരയോടെ മുനമ്പം ഹാര്‍ബറില്‍ എത്തിച്ചു. കോസ്റ്റല്‍ പോലിസ് സിഐ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലിസ് ആശുപത്രിയിലെത്തി നടപടികള്‍ സ്വീകരിച്ചു. അപകടസമയത്ത് ഇതുവഴി കടന്നുപോയ കപ്പലിനെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് സിഐ പറഞ്ഞു.
Next Story

RELATED STORIES

Share it