മല്‍സ്യത്തൊഴിലാളി വായ്പ: മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടി

തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങളില്‍നിന്ന് മല്‍സ്യത്തൊഴിലാളികളെടുത്ത കടങ്ങള്‍ തിരിച്ചുപിടിക്കുന്ന നടപടികള്‍ക്കു പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മൊറട്ടോറിയത്തിന്റെ കാലാവധി ഈമാസം 31ന് കാലാവധി അവസാനിക്കുന്നതു പരിഗണിച്ചാണിത്. മല്‍സ്യബന്ധനോപകരണങ്ങള്‍ വാങ്ങാനും ഭവനനിര്‍മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസം, ചികില്‍സ, പെ ണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്കുമായി 2007 ഡിസംബര്‍ 31 വരെ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം നിലവിലുള്ളതെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കടാശ്വാസ കമ്മീഷന്‍ അപേക്ഷകളില്‍ തീരുമാനമെടുക്കുന്ന ദിവസം മുതല്‍ മല്‍സ്യത്തൊഴിലാളിക്ക് ആശ്വാസം ലഭ്യമാക്കും. കമ്മീഷന്‍ തീരുമാനമെടുത്ത് അവ നടപ്പാക്കുന്നതിനു വേണ്ടിവരുന്ന നാലോ അഞ്ചോ മാസ കാലയളവിനുള്ളില്‍ കടം തിരിച്ചടയ്ക്കുന്നവര്‍ക്ക് നിലവില്‍ പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭവനനിര്‍മാണ ബോര്‍ഡില്‍ കുടിശ്ശിക അടയ്ക്കാനുള്ളവര്‍ക്ക് തിരിച്ചടവിന് സാവകാശം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സാവകാശം അനുവദിക്കുന്നതിനൊപ്പം തിരിച്ചടവിന് ആറുമാസത്തേക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സഹകരണമേഖലയിലെ വായ്പ തിരിച്ചടവിനായുള്ള ആശ്വാസ് പദ്ധതി ജനുവരി ഒന്നുമുതല്‍ 90 ദിവസത്തേക്കു നടപ്പാക്കും.
സഹകരണവായ്പ തിരിച്ചടയ്ക്കാനുള്ള തവണകളുടെ എണ്ണം പത്തില്‍നിന്ന് ഇരുപതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാരുടെ ശമ്പളം ഒമ്പതാം ശമ്പള കമ്മീഷന്‍ അംഗീകരിച്ച തിയ്യതി മുതല്‍ പ്രാബല്യം നല്‍കി പരിഷ്‌കരിക്കും. കണ്ണൂര്‍ ജില്ലയിലെ ആറളം പോലിസ് സ്റ്റേഷന്‍ പരിധിയിലെ വളയംചാലില്‍ പോലിസ് ഔട്ട്‌പോസ്റ്റ് ആരംഭിക്കും. ഇതിനായി 11 തസ്തികകള്‍ അനുവദിച്ചു.
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര പഞ്ചായത്തിലെ വില്ലൂന്നിയിലെ എസ്എച്ച് ജ്ഞാനോദയ ബധിരവിദ്യാലത്തിലെ 5,6,7 ക്ലാസുകള്‍ ഉള്‍പ്പെടുന്ന യുപി വിഭാഗത്തിന് എയ്ഡഡ് പദവി അനുവദിച്ചു. എല്‍പി വിഭാഗത്തിന് നിലവില്‍ എയ്ഡഡ് പദവിയുണ്ട്. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ കാവന്നൂര്‍ വില്ലേജിലെ 16.06 സെന്റ് സര്‍ക്കാര്‍ ഭൂമി ആയുര്‍വേദ ഡിസ്‌പെന്‍സറി നിര്‍മാണത്തിനായി ആയുര്‍വേദ വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കി കൈമാറി.
Next Story

RELATED STORIES

Share it