Kottayam Local

മല്‍സ്യത്തൊഴിലാളി ഭവന നിര്‍മാണം : 1.82 കോടി അനുവദിച്ചു



കോട്ടയം: ഭവനരഹിതരായ മല്‍സ്യതൊഴിലാളികള്‍ക്ക് സ്വന്തമായി വീടു വയ്ക്കാന്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1.82 കോടിയുടെ ധനസഹായം ജില്ലയില്‍ അനുവദിച്ചതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഒരു വീടിനു രണ്ടു ലക്ഷം രൂപ നിരക്കില്‍ 91 പേര്‍ക്കാണു ധനസഹായം അനുവദിച്ചത്. ഇതില്‍ 40.50 ലക്ഷം രൂപയുടെ വിതരണവും പൂര്‍ത്തിയായിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച മല്‍സ്യതൊഴിലാളി ഭവനങ്ങളുടെ പുനരുദ്ധാരണത്തിനായി 50 ലക്ഷം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 50,000 രൂപ നിരക്കില്‍ 100 പേര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മല്‍സ്യത്തൊഴിലാളി ഭവനങ്ങളുടെ പുനര്‍ വൈദ്യുതീകരണത്തിനായി 10 ലക്ഷം രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള സാനിട്ടേഷന്‍ പദ്ധതി പ്രകാരം ശുചിമുറി നിര്‍മിക്കുന്നതിന് ഒരാള്‍ക്ക് 17,500 രൂപ നിരക്കില്‍ 11.20 ലക്ഷം രൂപ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. 64 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യമായി 41.99 ലക്ഷം രൂപ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ചിലവഴിച്ചിട്ടുണ്ട്. ഇവര്‍ക്കായി ഉപരിപഠനം, തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും സംഘടിപ്പിച്ചു. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നതിന് 29.89 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തിയ 33 കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം 58.13 ലക്ഷം രൂപയാണ് ജില്ലയില്‍ വിതരണം ചെയതത്. ഗുണഭോക്താവില്‍ നിന്നും 100 രൂപ വീതം 900 രൂപ പിരിച്ചെടുത്ത് 2700 രൂപ വീതം തിരികെ നല്‍കുന്ന പദ്ധതിയാണിത്. മല്‍സ്യതൊഴിലാളികള്‍ക്കു കുടുംബാംഗങ്ങള്‍ക്കുമായി വൈക്കം, കുമരകം എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിച്ചു. വൈക്കം മല്‍സ്യ ഭവന്‍ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. 23.75 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പള്ളം ഗവ. മോഡല്‍ ഫിഷ് ഫാം അഞ്ചു ലക്ഷം രൂപ ചിലവില്‍ നവീകരിച്ചു. മല്‍സ്യ സമൃദ്ധി പദ്ധതി പ്രകാരം ജില്ലയിലെ 624.04 ഹെക്ടര്‍ പാടശേഖരങ്ങളില്‍ മല്‍സ്യകൃഷി നടത്തി. ശുദ്ധജല മല്‍സ്യകര്‍ഷകര്‍ക്കായി 2.20 ലക്ഷം രൂപ സബ്‌സിഡിയായി നല്‍കിയിട്ടുണ്ട്. പാടശേഖരങ്ങളില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് 34.28 ലക്ഷം രൂപ ചിലവഴിച്ചു. ഓരുജല ചെമ്മീന്‍ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാകുന്നതിനും 7.85 ലക്ഷം രൂപ ചിലവഴിച്ചു. അടുക്കള കുളം പദ്ധതി പ്രകാരം 225 കര്‍ഷകര്‍ക്കായി 42827 കരിമ്മീന്‍ കുഞ്ഞുങ്ങളെയും കുളങ്ങളിലെ കരിമീന്‍ കൃഷിക്കായി 7150 കരിമ്മീന്‍ കുഞ്ഞുങ്ങളെയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
Next Story

RELATED STORIES

Share it