Kollam Local

മല്‍സ്യത്തൊഴിലാളിയുടെ കൊലപാതകം : കേസിലെ പ്രതി പിടിയില്‍



കൊല്ലം: മരം മുറിച്ചുനീക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മല്‍സ്യതൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പോലിസ് പിടികൂടി. അഷ്ടമുടി ജലറാണി പള്ളിക്ക് സമീപം തൃക്കരുവ തട്ടുവിള ബീനാ നിവാസില്‍ എഡ്വേര്‍ഡ് ജോസഫ്(67) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മുങ്ങിയ അയല്‍വാസി തട്ടുവിള ജോസ് ഭവനില്‍ ക്രിസ്റ്റഫറി(38)നെ ചിറ്റുമല ഭാഗത്ത് നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എഡ്വേര്‍ഡിന്റെ പുരയിടത്തിലെ ആഞ്ഞിലിയില്‍ നിന്ന് ഇലയും മറ്റും ക്രിസ്റ്റഫറിന്റെ വീടന്റെ മുകളിയേക്ക് വീഴുന്നതിനാല്‍ മരം മുറിച്ചുനീക്കണമെന്ന് ക്രിസ്റ്റഫര്‍ ആവശ്യപ്പെട്ടിരുന്നു. ചില്ലകള്‍ എഡ്വേര്‍ഡ് വെട്ടിമാറ്റിയിരുന്നതായി പറയപ്പെടുന്നു. ഇത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ കുറച്ചുനാളായി തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിന് സമീപത്തുള്ള റോഡില്‍ വച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് എഡ്വേര്‍ഡിന്റെ കഴുത്തിലും വയറിലും ക്രിസ്റ്റഫര്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. പോലിസ് സ്റ്റേഷനില്‍ കീഴടങ്ങാനെന്ന വ്യാജേന എത്തിയ ക്രിസ്റ്റഫര്‍ പിന്നീട് മുങ്ങുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അഞ്ചാലുംമൂട് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it