മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ സേവനം മികച്ചത്: എ സി മൊയ്തീന്‍

കൊച്ചി: പ്രളയത്തില്‍ സംസ്ഥാനം തരിച്ചുനിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ മല്‍സ്യത്തൊഴിലാളികളുടെ സേവനം പകരംവയ്ക്കാനാവാത്തതാണെന്ന് മന്ത്രി എ സി മൊയ്തീന്‍. സേനാവിഭാഗങ്ങള്‍ നടത്തിയ സേവനങ്ങളേക്കാള്‍ മഹത്തരമാണ് മല്‍സ്യത്തൊഴിലാളികള്‍ ദുരന്തമുഖത്ത് കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു. രക്ഷാദൗത്യത്തില്‍ പങ്കാളികളായ മല്‍സ്യത്തൊഴിലാളികളെ ആദരിക്കാനായി ലെ മെറിഡിയന്‍ കൊച്ചി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുപോലും ചിന്തിക്കാതെയാണ് പ്രളയത്തിലകപ്പെട്ട സഹജീവികളുടെ രക്ഷയ്ക്കുവേണ്ടി മല്‍സ്യത്തൊഴിലാളികള്‍ ഇറങ്ങിത്തിരിച്ചത്. പോലിസ്, ഫയര്‍ഫോഴ്‌സ്, നാവികസേന, വായുസേന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമോ അതിനപ്പുറമോ ഉള്ള രക്ഷാപ്രവര്‍ത്തനമാണ് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയത്. പരിക്കേറ്റിട്ടും ആശുപത്രിയില്‍പ്പോലും പോവാതെ ഇവര്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നതിനാലാണ് പ്രളയത്തില്‍ മരണസംഖ്യ കുറഞ്ഞതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. എറണാകുളത്തെയും പരിസരപ്രദേശങ്ങളിലെയും 650ഓളം മല്‍സ്യത്തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. ഈ മാസം നടത്താനിരുന്ന ലെ മെറിഡിയന്‍ കൊച്ചിയുടെ 20ാം വാര്‍ഷികാഘോഷം മാറ്റിവച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഒറ്റക്കെട്ടായി നിന്നാല്‍ ഏതൊരു പ്രയാസവും മറികടക്കാനാവുമെന്നതാണ് പ്രളയം കേരളീയരെ പഠിപ്പിച്ച പാഠമെന്ന് ചടങ്ങില്‍ സംസാരിച്ച എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി പറഞ്ഞു. പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ എസ് ശര്‍മ, ഹൈബി ഈഡന്‍, എം സ്വരാജ്, അന്‍വര്‍ സാദത്ത്, കെ ജെ മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, കെഎംആര്‍എല്‍ എംഡി എ പിഎം മുഹമ്മദ് ഹനീഷ്, എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ, കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡന്റ് കെ എല്‍ അരുണ്‍, മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുനില സിബി, മല്‍സ്യത്തൊഴിലാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഭര്‍തൃഹരി, എംഫാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it