മല്‍സ്യത്തൊഴിലാളികള്‍ക്ക് പുതിയ വള്ളവും വലയും വാങ്ങാന്‍ 3.08 കോടി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനും അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും ഒരു സര്‍ക്കാര്‍ പദ്ധതി കൂടി. ഓഖി ദുരന്തത്തില്‍ മല്‍സ്യബന്ധന ഉപാധികള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 64 മല്‍സ്യത്തൊഴിലാളികള്‍ക്ക് 3.08 കോടി രൂപയുടെ ധനസഹായത്തിന് സര്‍ക്കാര്‍ ഉത്തരവായി.
പുതിയ വള്ളങ്ങളും വലയും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ തുക പ്രയോജനപ്പെടും. ഓഖിയില്‍ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതിന് ഏകദേശം തത്തുല്യമായ തുകയാണു നല്‍കുന്നത്. യാനങ്ങള്‍ നഷ്ടപ്പെട്ടവരുമായും മല്‍സ്യത്തൊഴിലാളികളുമായും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നേരത്തേ ചര്‍ച്ച നടത്തിയപ്പോള്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഇവര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫിഷറീസ് ഓഫിസര്‍, അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍, മല്‍സ്യഫെഡ് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ ഒമ്പത് മല്‍സ്യഗ്രാമങ്ങളിലെ പൂര്‍ണമായി മല്‍സ്യബന്ധന യൂനിറ്റുകള്‍ നഷ്ടപ്പെട്ട 64 മല്‍സ്യത്തൊഴിലാളികളെ ധനസഹായത്തിനു തിരഞ്ഞെടുക്കുകയുമായിരുന്നു. മല്‍സ്യബന്ധനയാനം, എന്‍ജിന്‍, വല, ജിപിഎസ്, മറ്റ് ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ നഷ്ടപരിഹാരത്തുക ശാസ്ത്രീയമായി നിശ്ചയിച്ചാണ് ധനസഹായം നല്‍കുന്നത്.
പൊഴിയൂര്‍ മല്‍സ്യഗ്രാമത്തിലെ നാലുപേര്‍ക്ക് 49.17 ലക്ഷം, പൂവാറിലെ രണ്ടുപേര്‍ക്ക് 15.43 ലക്ഷം, പള്ളത്തെ ഒരാള്‍ക്ക് 3.29 ലക്ഷം, അടിമലത്തുറയിലെ ആറുപേര്‍ക്ക് 23.55 ലക്ഷം, വിഴിഞ്ഞത്തെ 19 പേര്‍ക്ക് 83.15 ലക്ഷം, വലിയതുറയിലെ മൂന്നുപേര്‍ക്ക് 11.42 ലക്ഷം, വെട്ടുക്കാട് മൂന്നുപേര്‍ക്ക് 10.31 ലക്ഷം, പുത്തന്‍തോപ്പ് ഒരാള്‍ക്ക് 4.01 ലക്ഷം രൂപ വീതമാണ് സഹായധനമായി നല്‍കുക.
മറ്റു തീരദേശ ജില്ലകളിലെ മല്‍സ്യബന്ധന ഉപാധികള്‍ നഷ്ടപ്പെട്ട ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അതത് ജില്ലകളില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുടെ ശുപാര്‍ശ ശാസ്ത്രീയമായി പരിശോധിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
Next Story

RELATED STORIES

Share it