malappuram local

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫഌറ്റ് നിര്‍മിച്ച് നല്‍കും: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മലപ്പുറം: കടലാക്രമണം മുഖേന ഭൂമിയും ഭവനവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി കടലോരമേഖലകളില്‍ ഫഌറ്റ് സമുച്ചയം നിര്‍മിച്ചു നല്‍കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമായ അനുയോജ്യ സ്ഥലം കണ്ടെത്തിയാണ് ഫഌറ്റുകള്‍ നിര്‍മിക്കുക.  സ്ഥിരം സംവിധാനം ഒരുങ്ങുന്നതുവരെ പുനരധിവാസത്തിനായി താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കും. ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ജനുവരി 15നകം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. കടലാക്രമണത്തിലും ഓഖി ചുഴലിക്കാറ്റിലും ദുരിതമനുഭവിക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഫഌറ്റ് സമുച്ചയത്തിനോടനുബന്ധിച്ച് മല്‍സ്യതൊഴിലാളികളുടെ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിന് പൊതുവായ സൗകര്യമൊരുക്കും. എംഎല്‍എ ഫണ്ടില്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.  അനുമതി നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.  എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
Next Story

RELATED STORIES

Share it