thiruvananthapuram local

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാപദ്ധതി ചുവപ്പുനാടയില്‍

വര്‍ക്കല: മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട സര്‍ക്കാര്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നില്ല. മാറിവരുന്ന സര്‍ക്കാരുകള്‍ തീരദേശ മേഖലയെ പുനരുദ്ധരിക്കുവാന്‍ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഇവയില്‍ അധികവും കേവലം കരട് പദ്ധതിയിലൊതുങ്ങുകയാണ് പതിവ്.
മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സുരക്ഷാക്കിറ്റ് വിതരണം പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് ഇതിലൊന്ന്. ലൈഫ് ജാക്കറ്റ്, ലൈഫ്ബ്രാ, ബൈലാക്കുലര്‍, സെര്‍ച്ച് ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നതായിരുന്നു സുരക്ഷാ കിറ്റ്. ഇത് സൗജന്യമായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അതുപോലെ തന്നെ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണുണ്ടായത്. നെടുങ്ങണ്ട ഒന്നാം പാലം മുതല്‍ കാപ്പില്‍ തെക്കുംഭാഗം വരെ കിലോമീറ്ററുകളോളം ദൂരപരിധിയിലാണ് മണ്ഡലത്തില്‍ മല്‍സ്യ മേഖലയുള്ളത്. വെട്ടൂര്‍, അരിവാളം, റാത്തിക്കല്‍, ചിലക്കൂര്‍, ഓടയം, ഇടവ, ഇടപ്പൊഴി, വെറ്റക്കട, കാപ്പില്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പരമ്പരാഗത മല്‍സ്യത്തൊഴിളടക്കമുള്ളവര്‍ യാതൊരുവിധ മുന്‍കരുതലും കൂടാതെയാണ് മേഖലയില്‍ പണിയെടുക്കുന്നത്. കടല്‍ക്കോളും കാലാവസ്ഥാ വ്യതിയാനവും പേമാരിയും തുടങ്ങി പലപ്രകാരത്തിലുള്ള പ്രതിഭാസങ്ങളെ കുറിച്ച് മുന്നറിയിപ്പ് സംവിധാനവും മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന ക്ഷമമല്ല. വര്‍ക്കല, ഇടവ, വെട്ടൂര്‍ വില്ലേജുകളിലാണ് ഈ സംവിധാനം ആവിഷ്‌കരിച്ചിരുന്നത്. സെക്രട്ടേറിയറ്റില്‍ നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും പ്രകൃതി ക്ഷോഭങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് ഇതുവഴി ലഭിക്കുമെന്നായിരുന്നു അവകാശവാദം. ചിലക്കൂര്‍ മൂന്ന്, വെട്ടൂര്‍ ആറ്, ഇടവ അഞ്ച്, അരിവാളം രണ്ട് എന്നിങ്ങനെ കൊല്ലിവള്ളങ്ങളും തീരത്തുടനീളം ഫൈബര്‍ ബോട്ടുകളുമാണുള്ളത്. ഇതിന് പുറമെ കട്ടമരങ്ങളും, കമ്പവലകളും ഉപയോഗിക്കുന്ന പരമ്പാരഗത രീതിയും ഇടവിട്ടുള്ള തീരങ്ങളില്‍ സാര്‍വര്‍ത്രികമാണ്. ചിലക്കൂര്‍ തുറയിലാണ് കടലപകടങ്ങള്‍ കൂടുതല്‍ സംഭവിക്കാറുള്ളത്.
അപകടങ്ങള്‍ നടക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ആരെ സമീപിക്കണമെന്നതില്‍ തീരവാസികള്‍ക്ക് ഇനിയും ധാരണയില്ല. വിഴിഞ്ഞം പോര്‍ട്ടില്‍ വിളിച്ചാല്‍ നീണ്ടകര വിളിക്കാനാണ് മറുപടി ലഭിക്കുക. എന്നാല്‍ രണ്ടിടങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട തീരത്ത് എത്തിപ്പെടാന്‍ കുറഞ്ഞപക്ഷം മൂന്നു മണിക്കൂറിലധികം വേണ്ടിവരും. അഞ്ചുതെങ്ങ്, വര്‍ക്കല കേന്ദ്രീകരിച്ച് സംരക്ഷണ ബോട്ടുകള്‍ ഉള്‍പ്പടെ ഒരു കണ്‍ട്രോള്‍ റൂം തുറക്കണമെന്ന തീരവാസികളുടെ  ആവശ്യം അധികൃതര്‍ ഇനിയും പരിഗണിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് കണ്‍ട്രോള്‍ റൂം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലിസ്, സമുദ്രാവസ്ഥ പ്രവചന കേന്ദ്രനം, ടൈഡല്‍ സ്റ്റേഷന്‍ എന്നിങ്ങനെ സംരക്ഷണോപാധികളുടെ പേരില്‍ നീണ്ട പട്ടിക തന്നെ ഉണ്ടെങ്കിലും അടിയന്തര ഘട്ടത്തില്‍ വിഴിഞ്ഞം തീരക്കടലില്‍ കൂടി ഇത് ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളത്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് നടുവില്‍ വര്‍ക്കല കോടി എന്നറിയപ്പെടുന്ന കുന്നുകള്‍ക്കിടയിലാണ് ചിലക്കൂര്‍ തീരമേഖലയുള്ളത്. തീരത്തിന് ഇരുവശവുമുള്ള വന്‍മലകളാണ് കടല്‍ക്ഷോഭത്തിന് കാരണമെന്ന് മല്‍സ്യത്തൊഴിലാൡകള്‍ സാക്ഷ്യപ്പെടുത്തുന്നു. മണ്‍സൂണ്‍ കാലങ്ങളില്‍ കടല്‍ ഒടിയുന്നതും ചുഴികള്‍ രൂപപ്പെടുന്നതും ഇവിടെ സര്‍വസാധാരണമാണ്.
Next Story

RELATED STORIES

Share it