മല്‍സ്യത്തൊഴിലാളികളെ കാണാതായ സംഭവം: ബിനോയ് വിശ്വം രാജ്‌നാഥ് സിങുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി/തിരുവനന്തപുരം: ലക്ഷദ്വീപില്‍ നാലു മല്‍സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി എം പി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്‌നാഥിന്റെ നിര്‍ദേശ പ്രകാരം ഇക്കാര്യമാവശ്യപ്പെട്ട് അവിടെ നിരാഹാര സമരം നടത്തുന്ന സിപിഐ പ്രവര്‍ത്തകരെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ചര്‍ച്ചയ്ക്കു വിളിച്ചതായും ബിനോയ് വിശ്വം അറിയിച്ചു.
മല്‍സ്യത്തൊഴിലാളികളെ കാണാതായിട്ട് 50 ദിവസത്തിലധികമായി. അവര്‍ ജീവനോടെ തിരിച്ചുവരുമെന്നു കരുതുന്നില്ല. ഈ സാഹചര്യത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അടുത്ത ബന്ധുവിന് ജോലി നല്‍കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ വൈകരുതെന്നും സിപിഐ നേതാവു കൂടിയായ ബിനോയ് വിശ്വം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലുള്ള ഒരാള്‍ നയിക്കുന്ന സഭയ്ക്ക് അപമാനമാണു ഫ്രാങ്കോയെ പോലെ ഒരാള്‍ ഉയര്‍ന്നുവന്നത്. സഭ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത് സ്ത്രീപക്ഷ നിലപാടാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കും എന്നാണു വിശ്വാസം. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് എല്ലാ പഴുതും അടച്ചുള്ള നടപടിക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Next Story

RELATED STORIES

Share it