thrissur local

മല്‍സ്യത്തൊഴിലാളികളുടെ ജീവിത മാര്‍ഗം ഭീഷണിയില്‍

ചാവക്കാട്: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മല്‍സ്യം കിട്ടാക്കനിയായതോടെ ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികളുടെ ജീവിത മാര്‍ഗം ഭീഷണിയില്‍. ഉള്‍നാടന്‍ ജലാശയങ്ങളിലെ മല്‍സ്യസമ്പത്ത് ക്രമാതീതമായി കുറയുന്നത് ഉള്‍നാടന്‍ ജലാശയങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് മല്‍സ്യ തൊഴിലാളികളെയാണ് ദുരിതത്തിലാക്കുന്നത്.
ജലാശയങ്ങളിലെ ജൈവസമ്പത്തും ഇതോടൊപ്പം നാശാവസ്ഥയെ നേരിടുകയാണ്. കാരിയും കൂരിയും വരാലുമൊന്നും കിട്ടാനില്ല. ചെമ്പല്ലിയും ചെറു തോടുകളില്‍നിന്ന് അപ്രത്യക്ഷമായി. തോടുകളും കനാലുകളും പായലും കുളവാഴയും ചളിയും നിറഞ്ഞ് ഒഴുക്കു തടസ്സപ്പെട്ടതും ജലം മലിനമായതുമാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. തോടുകള്‍ പായലും കളയും നിറഞ്ഞതിനാല്‍ വല വീശിയുള്ള മല്‍സ്യബന്ധനവും പ്രയാസമാണ്.
കാരി, വരാല്‍, കൂരി, മുഷി, ചെമ്പല്ലി തുടങ്ങിയ മല്‍സ്യങ്ങളുടെ എണ്ണത്തിലാണ് വലിയ കുറവ് . കടല്‍-കായല്‍ മല്‍സ്യങ്ങളേക്കാള്‍ വിപണിയില്‍ പ്രിയമേറുന്ന ഉള്‍നാടന്‍ മല്‍സ്യങ്ങള്‍ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ വലിയ വിലയ്ക്കാണ് വിറ്റു പോകുന്നത്. മുമ്പു തീരെ അപ്രത്യക്ഷമായ കാരി, മുഷി എന്നീ മല്‍സ്യങ്ങളുടെ കുഞ്ഞുങ്ങളെ രണ്ടു വര്‍ഷം മുമ്പ് മല്‍സ്യ ഫെഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജലാശയങ്ങളില്‍ നിക്ഷേപിച്ചിരുന്നു. ഇതുകൊണ്ടു മാത്രമാണ് പേരിനെങ്കിലും ഈ ഇനം മല്‍സ്യങ്ങള്‍ ലഭിക്കുന്നത്.
ഏറെ രുചികരമായ ചെമ്പല്ലി എന്ന മല്‍സ്യമാണ് ഇപ്പോള്‍ തീരെ കിട്ടാനില്ലാത്തതെന്നാണ് മല്‍സ്യതൊഴിലാളികള്‍ പറയുന്നത്. ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതോടെ മല്‍സ്യങ്ങള്‍ ജലാശയങ്ങളില്‍ ഇല്ലാതാകുന്നത് ഉള്‍നാടന്‍ മല്‍സ്യ ബന്ധനം ജീവിതമാര്‍ഗമാക്കിയിട്ടുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പായലും കളകളും നീക്കി തോടുകളിലെയും ജലാശയങ്ങളിലെയും നീരൊഴുക്കു വര്‍ധിപ്പിക്കുകയാണ് മല്‍സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള പ്രധാന പ്രതിവിധി. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നത് തടയുകയും മല്‍സ്യവിത്തുകള്‍ ജലാശയങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യണമെന്നാണ് മല്‍സ്യ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it