Flash News

മല്‍സ്യത്തൊഴിലാളികളുടെ മരണം :കപ്പലിലെ രേഖകള്‍ പിടിച്ചെടുത്തു



കൊച്ചി: ചരക്കുകപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിക്കുന്ന സമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്നത് സെക്കന്‍ഡ് ഓഫിസറെന്ന് സൂചന. പുറങ്കടലില്‍വച്ച് മല്‍സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ത്ത വിദേശ ചരക്കുകപ്പല്‍ അംബര്‍ എല്‍ ലിലെ രേഖകള്‍ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപാര്‍ട്ട്‌മെന്റ് പിടിച്ചെടുത്തു. മര്‍ക്കന്റൈല്‍ മറൈന്‍ ഡിപാര്‍ട്ട് മെന്റ്(എംഎംഡി), ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡിജിഎസ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒറിജിനല്‍ ഒഫീഷ്യല്‍ ലോഗ് ബുക്ക്, വോയേജ് ഡാറ്റാ റിക്കാര്‍ഡര്‍, ഒറിജിനല്‍ ലോഗ് അബ്‌സ്ട്രാക്റ്റ്, നൈറ്റ് ഓര്‍ഡര്‍ ബുക്ക് ആന്റ് ബെല്‍ബുക്ക്, ഒറിജിനല്‍ ജിപിഎസ് ലോഗ്് ആന്റ് നാവിഗേഷന്‍ ചാര്‍ട്ട് ഓഫ് വോയേജ് എന്നിവയാണു പരിശോധന നടത്തി പിടിച്ചെടുത്തത്. തീരസംരക്ഷണ സേന, കസ്റ്റംസ് ഇമിഗ്രേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പ്രതിനിധികളും പരിശോധനയ്ക്ക് ഒപ്പമുണ്ടായിരുന്നു. കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് മര്‍ക്കന്റൈല്‍ മറൈന്‍ ഡിപാര്‍ട്ട് മെന്റ്(എംഎംഡി), ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് (ഡിജിഎസ്) എന്നിവര്‍ക്കു ഹൈക്കോടതി  നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയില്‍ കപ്പല്‍ ജീവനക്കാര്‍ സഹകരിച്ചുവെന്ന് ഷിപ്പിങ് മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ അജിത്കുമാര്‍ സുകുമാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിടിച്ചെടുത്ത രേഖകള്‍ ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയുടെ അനുമതിക്കനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നും അജിത്കുമാര്‍ സുകുമാരന്‍ പറഞ്ഞു. എന്നാല്‍ അപകടം നടന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന നിലപാടില്‍ കപ്പല്‍ ക്യാപ്റ്റനും ജീവനക്കാരും ഉറച്ചുനില്‍ക്കുകയാണ്്. തീരസംരക്ഷണ സേന ഇവരെ വിശദമായി ചോദ്യംചെയ്‌തെങ്കിലും നിലപാട് മാറ്റാന്‍ ഇവര്‍ തയ്യാറായിട്ടില്ല.ഇസ്രായേലില്‍ നിന്നും ചൈനയിലേക്കു വളവുമായി പോവുകയായിരുന്നു അംബര്‍ എല്‍ എന്ന വിദേശ ചരക്കുകപ്പല്‍. ഇന്ധനം നിറയ്ക്കുന്നതിനാണ് കപ്പല്‍ കൊച്ചിയിലെ പുറങ്കടലില്‍ എത്തിയതെന്നാണു കപ്പല്‍ ജീവനക്കാരുടെ വിശദീകരണം. കപ്പലിലെ വോയേജ് ഡാറ്റാ റിക്കാര്‍ഡര്‍ കൂടി പരിശോധിച്ചാലേ ഇവരുടെ മൊഴി വാസ്തവമാണോയെന്നതു സംബന്ധിച്ചു വ്യക്തത വരികയുള്ളൂ. ഇതിനു ശേഷം മാത്രമേ കപ്പലിന്റെ കാപ്റ്റന്‍ അടക്കമുള്ളവരുടെ അറസ്റ്റ് അടക്കമുള്ളവ രേഖപ്പെടുത്തുകയുള്ളൂവെന്നാണ് അറിയുന്നത്. കപ്പല്‍ തീരത്ത് അടുപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കപ്പലിലെ ചരക്ക് മറ്റൊരു കപ്പലിലേക്കു മാറ്റിയശേഷമേ തീരത്ത് എത്തിക്കാനാവൂ.ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കൊച്ചി അഴിമുഖത്തു നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് അംബര്‍ എല്‍ എന്ന വിദേശ ചരക്കുകപ്പല്‍ പുറങ്കടലില്‍ മല്‍സ്യബന്ധനത്തിനു പോയ പള്ളുരുത്തി സ്വദേശി നാസറിന്‍െ ഉടമസ്ഥതയിലുള്ള കാര്‍മല്‍ മാതാ എന്ന ബോട്ട് ഇടിച്ചു തകര്‍ത്തത്. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപ്പെട്ടു. അസം സ്വദേശി രാഹുല്‍ ദാസ് (24), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ എന്നു വിളിക്കുന്ന തമ്പി ദുരൈ(45) എന്നിവര്‍ മരിക്കുകയും അസം സ്വദേശി മോത്തി ദാസ് (27)നെ കാണാതാവുകയും ചെയ്തു. മല്‍സ്യബന്ധനത്തിനിടെ കപ്പല്‍ ചാലില്‍ നിന്ന് ബോട്ട് മാറ്റി നങ്കൂരമിട്ടിരിക്കുകയായിരുന്നു. കപ്പല്‍ ബോട്ടിന്റെ വീല്‍ ഹൗസില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ബോട്ട് മൂന്നുതവണ മറിയുകയും തകര്‍ന്നു പോവുകയുമായിരുന്നു. ഇരുമ്പ് ബോട്ടായതിനാല്‍ ഇതിന്റെ ഭാഗങ്ങള്‍ കൊണ്ടാണ് പലര്‍ക്കും പരിക്കേറ്റത്. പരിക്കേറ്റ 11 തൊഴിലാളികളും രണ്ടര മണിക്കൂര്‍ നേരം ബോട്ടിന്റെ തകര്‍ന്ന ഭാഗങ്ങളില്‍ പിടിച്ചു കിടക്കുകയായിരുന്നു. പിന്നീട് അപകടസ്ഥലത്ത് നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന സെന്റ് ആന്റണീസ് ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്.
Next Story

RELATED STORIES

Share it